അതീന്ദ്രിയ ശക്തികൾ [സിമോണ]

Posted by

ഇടക്കിടക്ക് ചുടു ചോര കുടിച്ചാലേ എപ്പളും പറക്കാൻ പറ്റു.. അതിനു മടിയായ കാരണം, ഞാൻ അധികോം മാനുവൽ മോഡിലാ കേറാറും ഇറങ്ങാറും…

പൂർവ്വാശ്രമത്തില്, സ്‌കൂളി പഠിക്കുമ്പോ ഇഷ്ടംപോലെ മരം കയറി ശീലമുള്ള കാരണം, എനിക്ക് ഇതൊക്കെ വെറും സിമ്പിളാ….
അവടന്ന് ഞാൻ ഈ ലോകത്തോട്ട് പോന്നതെന്നെ, ചമ്മന്തിക്ക് മാങ്ങ പൊട്ടിക്കാൻ കേറീപ്പോ, മൂവാണ്ടൻ മാവുമ്മെന്ന് പുളിയുറുമ്പ് കടിച്ച് താഴെ ഇട്ടപ്പളല്ലേ..
(അത് പബ്ലിക്കാക്കല്ലേ ട്ടാ… റൺവേ യില് കൊറ്റം കുത്തി കളിച്ചോണ്ടിരുന്നപ്പോ വിമാനം ഇടിച്ചു മരിച്ചതാന്നാ ഞാൻ പറഞ്ഞേക്കണേ.. പുളിയുറുമ്പ് കടിച്ച് മരിച്ചു ന്നു പറഞ്ഞാ ഗന്ധർവന്മാരൊന്നും ചെലപ്പോ, പിന്നെ തിരിഞ്ഞു നോക്കില്ല.. അതാ..
കല്യാണപ്രായായേ..)

അപ്പൊ പറഞ്ഞുവെന്നേ.. പൂർവ്വാശ്രമത്തിലെ മരം കയറ്റം ഏകപീരിയൻസ് കാരണം, യക്ഷിയായപ്പളും മരത്തി കേറാൻ ഞാൻ കഴിഞ്ഞിട്ടേ ഉള്ളു…
എല്ലാ വർഷോം ഞങ്ങടെ ആനുവൽ മീറ്റിന് മരം കയറ്റം, ചാക്കി കയറി ചാട്ടം, തണ്ണിമത്തനുമ്മേ വിരലുകുത്തി നിപ്പ്.. ഈ ഐറ്റത്തിലൊക്കെ ഞാനാ എപ്പളും ഫസ്റ്റാവാ..
ഓട്ടത്തിലും ലോങ്ങ് ജംപിലും കിച്ചു ഗന്ധർവ്വൻ ഫസ്റ്റടിക്കും.. (അത് കള്ള അടവ് പയറ്റുന്നതാ.. എനിക്കറിയാം.. എന്നാലും ഞാൻ പുറത്തു പറഞ്ഞിട്ടില്ല)

മാനുവൽ മോഡിൽ പനയിൽ കേറാൻ ആദ്യോക്കെ ഇത്തിരി പാടായിരുന്നു…
പിന്നെ ഗ്രാമത്തിലെ ആകെ ബാക്കിയുണ്ടായിരുന്ന തെങ്ങേറ്റക്കാരൻ, ശങ്കരേട്ടൻ, പ്രായമായി തട്ടിപോയപ്പോ പുള്ളീടെ തളപ്പ് (തെങ്ങു കയറുമ്പോ കാലിൽ ഇടണ കയറോണ്ടുണ്ടാക്കിയ ഒരു വട്ടം) ഞാൻ ഇങ്ങോട്ട് എടുത്തോണ്ട് പോന്നു.. ഇപ്പം നല്ല എളുപ്പാ..

സംഗതി, വയ്യാണ്ട് കിടന്നപ്പോ ആരും മൂപ്പർക്ക് തുള്ളി വെള്ളം കൊടുക്കാൻ തിരിഞ്ഞു നോക്കീട്ടില്യാ ത്രേ.. എന്നാലെന്താ…
പുള്ളിക്കാരന്റെ ആത്മാവിന് മേലോട്ട് ചെന്നാ തെങ്ങുമ്മേ കേറാനാണെന്ന് തോന്നുണു..
ദേശത്തുള്ള പാർട്ടിക്കാരൊക്കെ മൂപ്പരടെ ഡെഡ് ബോഡീമല്, പൂവൊണ്ട് ഇണ്ടാക്കിയ തളപ്പ് തലങ്ങും വെലങ്ങും വെച്ചേക്കണ കണ്ടു..

കാണാൻ നല്ല ഭംഗിണ്ടെങ്കിലും എന്റെ കാലുമ്മേ കൊള്ളില്ല.. അത് കാരണം ഞാൻ ഇടുത്തില്ല..
എന്നാലും ഒരു തളപ്പുമ്മേ ചോന്ന ഒരു റോസാപ്പൂവ് കണ്ടപ്പോ, അതെടുത്ത് തലേ വെച്ച് ഞാനിങ് പോന്നു…

അല്ലെങ്കെ തന്നെ ഇപ്പോ എല്ലാരും മെഷിൻ വെച്ചല്ലേ കേറണേ..
അവർക്കെന്തിനാ ഇനി തളപ്പൊക്കെ…

Leave a Reply

Your email address will not be published. Required fields are marked *