“അയ്യോ എന്റെ മോന് തലവേദനയാണല്ലോ..” ഇത്രനേരം വലിയ വായിൽ ചിരിച്ച് ഒച്ചയുണ്ടാക്കിയിട്ട്. ഇപ്പോഴാ തള്ളക്ക് ഓർമ വന്നത് സ്വന്തം മോന് തലപൊളിഞ്ഞു കിടക്കുന്നുണ്ടന്ന്..
എന്നാലും അപ്പോഴത്തേക്കും അവിടുന്നുള്ള ഒച്ചയോന്ന് കുറഞ്ഞു.ഇങ്ങനെ കിടന്നാൽ പ്രാന്ത് പിടിക്കും.. നേരത്തേക്കാളും ഇത്തിരി ആശ്വാസം തോന്നുന്നുണ്ട്.അവരുടെ കളിച്ചു ചിരിച്ചുള്ള ഒച്ച കേൾക്കുമ്പോ ഇവിടെ ഇങ്ങനെ ചത്ത പോലെ കിടക്കാൻ തോന്നുന്നില്ല..
ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു… റൂമിന്റെ ചാരിയ വാതിൽ തുറന്നപ്പോ.. പുറത്തെ മഴ കണ്ടു.ശക്തമായ മഴയല്ല എന്നാൽ പതുങ്ങി അങ്ങനെ പെയ്യുന്ന കാറ്റുമുള്ള മഴ.. ഞാൻ ആ റൂമിലേക്ക് നടന്നു.
കറൻറ് ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ഇരിക്കാൻ പറ്റിയില്ലേ? എന്ന വാദം ആയിരുന്നു ഷാജി അങ്കിളിനു..അല്ലേൽ എല്ലാരും ഫോണിലോ ടി വി യിലോ മുഖം പൂഴ്ത്തി ഇരിക്കില്ലേ എന്ന്.
ഉള്ളിലെത്തി ചുറ്റുപാടെല്ലാം ഞാൻ നോക്കി… ഒരു മണ്ണണ്ണ വിളക്കുണ്ട് സൈഡിൽ കത്തിച്ചു കിടക്കുന്നു.. ചുറ്റും വട്ടത്തിൽ നിലത്തിരുന്നു കൊണ്ട് കഥ പറയാണ് എല്ലാരും കൂടെ..
ചെറിയമ്മ ആശാന്റിയുടെ എടുത്തിരിക്കുന്നു ,ഗായത്രി അവളുടെ അച്ഛന്റെ തോളിൽ തലവെച്ചു കിടക്കുന്നു. അനു എന്തോ ആലോചനയിലാണ്.അവളൊന്നും മിണ്ടുന്നില്ല..
ഞാൻ ഒരടി കൂടെ മുന്നോട്ട് വെച്ചപ്പോ എല്ലാവരും തിരിഞ്ഞു..
“പനിക്കാരൻ വന്നല്ലോ ” ശ്രീ അങ്കിൾ
“മറിയോ അഭീ ” ഉഷാന്റി
“നീ മഴയും കൊണ്ട്… പാതിരാത്രി എങ്ങാട്ടോ പോയ് എന്ന് കേട്ടല്ലോ ” ഗായത്രി.ഇതിന് എന്തിന്റെ കേടാണ് . ചെറിയമ്മയുടെ മുഖത്തു അത് കേട്ടപ്പോ ഒരു ചിരി വിരിഞ്ഞു.ഞാൻ എല്ലാവരുടെയും മുഖത്തു നോക്കി നിന്നു. പിന്നെ ഏറ്റവും സേഫ് ആയി ഇരിക്കാൻ പറ്റിയ എന്റെ അമ്മയുടെ എടുത്തേക്ക് തന്നെ ഞാൻ വിട്ടു.അമ്മക്ക് കാര്യം മനസ്സിലായി.അമ്മയുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നപ്പോ ആ മുഖത്തു എന്ത് സന്തോഷമാണ്.. എങ്ങാനും ആശാന്റിയുടെ മടിയിൽ കിടന്നിരുന്നേൽ കാണാമായിരുന്നു ഈ മുഖം.
“അച്ചോടാ അവന് അമ്മയെ മതി.. ചെറിയ കുട്ടിയാണെന്നാന്നോ നിന്റെ വിചാരം ” ഉഷാന്റിക്ക് ഞങ്ങളുടെ അടുപ്പം പിടിച്ചില്ല എന്ന് തോന്നുന്നു.. അത് അങ്ങനെ ഒരു സാധനം.ഞാൻ അതു കേൾക്കാതെ അമ്മയുടെ മടിയിൽ ചുരുണ്ടു.. മുന്നിലുള്ള ആശാന്റിയെയും ,ആശാന്റിയെ ചേർന്നിരിക്കുന്ന എന്റെ അനുവിനെയും നോക്കി..