” എന്നാ പിന്നെ ഒരു നേരം കൂടെ ചേർത്ത് മൂന്നെന്ന റൗണ്ട് ആക്കി കൂടെ ദിവ്യ ചേച്ചി…അതാവുമ്പൊ ബാത്റൂമിൽ തന്നെ ജീവിക്കാലോ… പോരാത്തതിന് അത് നമ്മുക്ക് പത്രത്തിലും കൊടുക്കാം…നാട്ടുകാരും കൂടെ അറിയട്ടെ എൻ്റെ കൊച്ചിൻ്റെ വൃത്തിയെ പറ്റി… ”
ഇത്തവണ പറയുന്നതിനോടൊപ്പം ഒന്ന് ആക്കി ചിരിക്കാനും ഞാൻ മറന്നില്ല…അതോടെ പെണ്ണിൻ്റെ വായീന്ന് ഇച്ചിരി ബേഷായിട്ട് തന്നെ കിട്ടി ബോധിച്ചു…ഹോ എന്തൊരു സമാധാനം…
” പോ അവിടുന്ന് എന്നോട് മിണ്ടണ്ടാ…ഞാൻ പോന്നാ…ഇതിനെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ… ”
പെണ്ണിൻ്റെ പിള്ളാരെപോലെയുള്ള വർത്താനം വീണ്ടും കേട്ടതും ചിരിക്കണം എന്ന് തോന്നിയെങ്കിലും അടുക്കിവെച്ചു…അല്ലെങ്കിൽ ഇനി കാണുമ്പോൾ അവൾടെ പല്ലിനും എൻ്റെ ഷോൾഡറിനും ഒന്നാവനുള്ള ഒരു അവസരമുണ്ടാകും അത്…
” ഹാ പോകല്ലടോ…പെണങ്ങി പോവ്വാ… ”
ഞാൻ ഫോണിൽ കൂടെ കൊഞ്ചും പോലെ ചോദിച്ചു…
” ആടാ പോവ്വാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ കേട്ടോ…ഞാൻ കാണിച്ചു തരാം… ”
എൻ്റെ കൊഞ്ചലിന് അവൾടെ മറുപടി ഇത്തിരി കനത്തിലായിരുന്നു…അതോടെ വേണ്ടാ വേണ്ടാന്ന് എത്ര ശ്രമിച്ചിട്ടും എൻ്റെ മനസ്സ് തെണ്ടി വീണ്ടും തോണ്ടാനൊരുങ്ങി…
” സത്യാണോ…ശരിക്കും കാണിച്ചു തരുവോ…എന്നെ പറ്റിക്കരുത് കേട്ടോ… ”
ഞാൻ കളിയാക്കും ചിരിക്കുമ്പോലെ ചോദിച്ചതും മറുഭാഗത്ത് ഒരാട്ടായിരുന്നു…ചെവിയുടെ പാടാ ഉള്ളിലേക്ക് കയറിപോയോ അവ്വോ…കൂട്ടത്തിൽ ഫോണും കട്ടായി…ഓ അപ്പൊ ഇന്നത്തേക്കുള്ളതായി…നേരെ ചെന്ന് വാങ്ങിച്ചാൽ മതി….എനിക്കെന്തിന്റെ കേടായിരുന്നു…
അങ്ങനെ പെണ്ണിൻ്റെ കൈയ്യിൽ നിന്നും കിട്ടാനുള്ള നുള്ളിൻ്റേം കടിയുടേം എണ്ണം മനസ്സിൽ ഓർത്ത് കൊണ്ട് ഞാൻ ഹാളിലേക്കിറങ്ങി…അപ്പൊ അമ്മ അവിടിരുന്ന് ടീവി കാണുന്നു…തന്തയും ഫ്യൂച്ചർ അമ്മായിയപ്പനും ഉമ്മറത്തിരുന്ന് ചർച്ച തന്നെ ആയിരുന്നു…എൻ്റെ താഴേക്കുള്ള വരവ് കണ്ടതും അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തരാൻ എന്നോണം എഴുന്നേറ്റു…
” ഹാ കുളിച്ച് കുട്ടപ്പനായിട്ടുണ്ടല്ലോ… ഹോസ്പിറ്റൽ തന്നെയല്ലേ പോകുന്നെ അതോ… ”
ചായ എടുത്ത് തരുന്നതിനോടോപ്പം അമ്മ എന്നോട് കളിയാക്കി ചിരിക്കുമ്പോലെ ചോദിച്ചു…
” അല്ല കടലിൽ മീനിനെ പിടിക്കാൻ പോകുവാ എന്ത്യേ… “