സലീം ഇന്നലെ സൈറ്റിൽ നിന്നും പോരുന്ന കാര്യം റഫീക്ക് പറഞ്ഞിരുന്നു. അപ്പോഴും അവന് ഉപ്പയോടുള്ള സ്നേഹത്തെപ്പറ്റി റഫീക്ക് പറഞ്ഞത് ഷാഹിദ ഓർത്തു .
“പടച്ചോനേ.. ആ കുഞ്ഞുങ്ങൾ ഇതെങ്ങനെ സഹിക്കുമോ ആവോ.ഉമ്മ പണ്ടേ പോയി. ഇപ്പോ ദേ ഉപ്പയും..” സുശീല താടിയ്ക്ക് കൈതാങ്ങി സങ്കടപ്പെട്ടു. “പോലീസ് വന്ന് ബോഡി കൊണ്ടുപോയി. ഇനി എല്ലാം കീറി തുന്നിക്കെട്ടി തിരികെ തരുമ്പോഴേക്കും ഒരു സമയമാവും” സുശീല തുടർന്നു.
“സുശീലേ…നീയിരിക്ക്, ഞാനൊന്ന് മോനെ വിളിച്ച് കാര്യം പറയട്ടെ..”
ഷാഹിദ അകത്ത് പോയി മൊബൈലെടുത്ത് റഫീക്കിനെ വിളിച്ചു. ബെൽ മുഴുവൻ തീർന്നിട്ടും അവൻ ഫോൺ എടുത്തില്ല. അവൾ വീണ്ടും വിളിച്ചു. ബെൽ തീരാറായപ്പോഴാണ് അവൻ ഫോണെടുത്തത്. ഒറ്റശ്വാസത്തിൽ തന്നെ ഷാഹിദ മകനോട് കാര്യങ്ങൾ പറഞ്ഞു. ഒന്നും മിണ്ടാനാകാത്ത അവസ്ഥയിൽ റഫീക്ക് ഇരുന്നു. മറുതലയ്ക്കൽ നിന്ന് ഒന്നും കേൾക്കാത്തതുകൊണ്ട് ഷാഹിദ ചോദിച്ചു.
“നീയെന്താ മോനേ ഒന്നും മിണ്ടാത്തെ ?” “എന്ത് പറയണമെന്ന് എനിക്കറിയില്ലുമ്മാ..” അവന്റെ തൊണ്ടയിടറി. “നമ്മൾ എന്തേലും ചെയ്യണ്ടേ മോനേ..?” “പിന്നേ… അവർക്ക് വേറെ ആരാണുള്ളതുമ്മാ. ഉമ്മയൊരു കാര്യം ചെയ്യ്. ജുനുവിനെയും കൂട്ടി അബ്ദുക്കായുടെ വീട്ടിലേക്ക് ചെല്ല് . ആ കുട്ടികൾ ആകെ തകർന്നിരിക്കുകയാവും. അവരെ ഒന്നാശ്വസിപ്പിക്ക്. പിന്നെ കുറച്ച് കാശ് കൈയിൽ കരുതിക്കോ. അവിടെ ആവശ്യം വരും. ഇവിടെ മീറ്റിങ് രാവിലെതന്നെ കഴിയും. ഉച്ചയോടെ ഞാനും അങ്ങെത്തിക്കോളാം .അതുവരെ അവിടുത്തെ എല്ലാ കാര്യങ്ങളും ഉമ്മ നോക്കി ചെയ്യണം ”
“ശരി മോനേ..”
ഫോൺ വച്ചിട്ട് ഷാഹിദ പൂമുഖത്തേക്ക് ചെന്നു. “സുശീലേ, മോൻ പറഞ്ഞത് ഞാനും ജുനവും കൂടി അബ്ദൂന്റെ വീട്ടിലേക്ക് ചെല്ലാനാ. ഞങ്ങൾ ഒന്നു റെഡിയായിക്കോട്ടെ. നീ ഇരിക്കുകയല്ലേ…” “അയ്യോ ഇല്ല ഷാഹിദാ.. വീട്ടിൽ പിള്ളേരെsച്ഛൻ എഴുന്നേറ്റില്ല ഇതുവരെ. രാത്രി നാല് കാലിൽ കയറി വന്ന് മറിഞ്ഞതാണ്.എഴുന്നേറ്റാൽ ഉടൻ അങ്ങേർക്ക് ചായ കൂച്ചണം . അത് കിട്ടിയില്ലേൽ ഈ ലോകം എടുത്തു മറിച്ചുകളയും. അതുകൊണ്ട് ഞാൻ അങ്ങോട്ടിറങ്ങട്ടെ.. ” ഷാഹിദയോട് യാത്ര പറഞ്ഞ് സുശീല വീട്ടിലേക്ക് നടന്നു.