പിന്നാലെ അമ്മയും അക്ഷിതയും അവിടെ വന്നു കുട്ടിയെ അവർക്ക് കൊടുത്തു വേഷം മാറി വരാൻ പറഞ്ഞു താഴേക്ക് നമ്മൾ 2 പേരും വന്നു.
എനിക്ക് എൻ്റെ മുറിയിലെ സാധനങ്ങളോട് അസൂയ തോന്നി പോയി. അക്ഷിത ഇപ്പൊ എന്ത് ചെയ്യുകയായിരിക്കും എന്നൊക്കെ ചിന്തിച്ചു വരാന്തയിൽ പോയി ഇരുന്നു. അച്ഛൻ ഗേറ്റിന്റെ അവിടെ ഉണ്ട്. അല്പം കഴിഞ്ഞപ്പോൾ പ്രയാഗ് ഒരു ട്രാക്ക് പാന്റും ടി ഷർട്ടും ഇട്ടു വന്നു അച്ഛന്റെ അടുത്ത് പോയി. അച്ഛൻ ഹിന്ദി പറയാൻ കിട്ടിയ ചാൻസ് കൊണ്ട് മൂപ്പരെ കത്തി വെച്ച് കൊല്ലുകയാ. ഓരോ കൃഷിയും മരങ്ങളും ഒക്കെ വിവരിച്ചു കൊടുക്കുന്നത് കണ്ടു.
അങ്ങിനെ അവിടെ ഇരിക്കുമ്പോൾ ആണ് ദാസേട്ടൻ വരുന്നത്. തെങ്ങുകയറ്റക്കാരൻ ആണ്. ഇയാൾ എന്തിനാ ഇപ്പോൾ വരുന്നത് ഇനി ഇതെല്ലം ഞാൻ പൊറുക്കി ഇടേണ്ടി വരുമല്ലോ എന്ന് വിചാരിച്ചു.
“മോനെ അച്ഛൻ എവിടെ.” ദാസേട്ടൻ ചോദിച്ചു.
“അവിടെ ഉണ്ടായിരുന്നനെല്ലോ ദാസേട്ടാ”
ഞാൻ മുറ്റത്തേക്ക് ഇറങ്ങി അച്ഛൻ ഉള്ള ഭാഗത്ത് പോയി. അച്ഛൻ അവരെയും കൂട്ടി അടുക്കള ഭാഗത്തേക്കുള്ള തെങ്ങിന്റെ അടുത്ത് പോയി.
പെണ്ണുങ്ങൾ ഒക്കെ വർക്ക് ഏരിയയില് ഉണ്ടായിരുന്നു.
“ദാസാ 2-3 പച്ച തേങ്ങയും കൂടി പറിക്കണം.”
അപ്പൊ മുഴുവൻ തെങ്ങും കേറാനല്ല ദാസൻ വന്നത്. അത് ഒരു സമാധാനം ആയി. ആ സമയത്ത് അക്ഷിതയും അവിടേക്ക് വന്നു അവൾ ഇപ്പോൾ ഒരു സാധാരണ കോട്ടൺ ചുരിദാർ ഇട്ടിട്ടുണ്ട്.
അവർ തെങ്ങിൽ കയറുന്നതു ഇത് വരെ കണ്ടിട്ടില്ല. ദാസേട്ടൻ തളപ്പ് ഇട്ട് കേറുന്നത് വായും പിളർന്നു 2 പേരും നോക്കി നിൽക്കുന്നുണ്ട്. തെങ്ങിൽ നിന്ന് ഒരു കുല കരിക്ക് വെട്ടി ഇട്ടു കൂടാതെ അമ്മക്ക് 4 പച്ച തേങ്ങയും. ആള് ഇറങ്ങി വന്നപ്പോൾ പ്രയാഗ് തളപ്പ് വാങ്ങി ഒന്ന് തെങ്ങിൽ കേറാൻ നോക്കി പറ്റിയില്ല. കാണുന്ന അത്ര എളുപ്പം അല്ല എന്ന് മനസ്സിലായപ്പോൾ അത് തിരിച്ചു കൊടുത്തു.
ദാസേട്ടൻ ഇളനീർ ഒക്കെ ചെത്തി വെച്ച് എല്ലാവരോടും യാത്ര പറഞ്ഞു പോയി. അച്ഛൻ പ്രിത്യേകം പറഞ്ഞു വരുത്തിച്ചത് ആണ് ആള് വരുന്നത് കൊണ്ട്.