കൊതുകുകളുടെ ശരീരവും വഹിച്ചു കൊണ്ട്. . . . . അതിഥികളെല്ലാം പോയ ക്ഷീണത്തിൽ അനന്തു മാലതിയുടെ മടിയിൽ കിടക്കുകയായിരുന്നു.
ഒത്തിരി നാളുകൾക്ക് ശേഷമാണ് അവനിപ്പോ പഴയ പോലെ മാലതിയുടെ മടിയിൽ കിടക്കുന്നത്.
അതിന്റെയൊരു ആത്മ സംതൃപ്തി അവനിലുണ്ട്.
ലോകത്തെ ഏറ്റവും സുഖസുഷുപ്തി നൽകുന്ന തലയിണ അമ്മമാരുടെ മടിത്തട്ട് തന്നെയാണ്.
അനന്തുവിന്റെ കിടപ്പ് കണ്ട് കുശുമ്പ് മൂത്ത ശിവപ്രിയയും അവനോടൊപ്പം മാലതിയുടെ മടിയിൽ കിടന്നു.
രണ്ടു മക്കളെയും ദിവസങ്ങൾക്കു ശേഷം ഒറ്റക്ക് അടുത്തു കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു മാലതിയും.
“എന്നാലും ചേട്ടനോട് ഞാൻ പിണക്കമാ”
“അതെന്താടി?”
അനന്തു ഒന്നും മനസിലാവാതെ തല ചൊറിഞ്ഞു.
“ഇപ്പൊ ചേട്ടായിനെ ഒന്ന് അടുത്തു പോലും കിട്ടുന്നില്ല……എപ്പോഴും ബിസിയല്ലേ?”
ശിവ തന്റെ പരിഭവം വിളമ്പി.
“എന്ത് ചെയ്യാനാ മോളെ ആകപ്പാടെ തിരക്കായി പോയില്ലേ? ഇപ്പൊ ഞാനിവിടുത്തെ കണ്ണിലുണ്ണിയല്ലേ?”
ശിവയുടെ കവിളിൽ പിച്ചിക്കൊണ്ട് അനന്തു പറഞ്ഞു.
“ഉവ്വാ അവസാനം കണ്ണിലുണ്ണി കരടാകാണ്ടിരുന്നാൽ മതി.”
ശിവ ഗർവ്വോടെ കെറുവിച്ചു.
“പോടീ പുല്ലേ ”
അനന്തു പിറു പിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു.
“അവൾക്ക് മാത്രമല്ല വേറെയും ചിലർക്കുമുണ്ട് പരിഭവം.”
എങ്ങും തൊടാത്ത മട്ടിൽ മാലതി പറഞ്ഞു.
“അതെന്താമ്മേ അങ്ങനെ പറഞ്ഞെ?”
അനന്തു ഒന്നും മനസിലാവാതെ അമ്മയെ തുറിച്ചു നോക്കി.
“സ്നേഹയും രാഹുലും ഇടക്ക് വിളിക്കാറുണ്ട്……. കോളേജിലെ നിന്റെ ആത്മാർത്ഥ സുഹൃത്തുക്കളല്ലെ…… നീയിപ്പോ അവരെ വിളിക്കുന്നേയില്ലാന്ന് പരാതി പറയുന്നുണ്ടായിരുന്നു..”
മാലതി പതിയെ പറഞ്ഞു നിർത്തി.
“അത് സാരമില്ലമേ അവരുടെ പിണക്കം ഞാൻ പിന്നെ മാറ്റിക്കോളാം.”
“അതു പോട്ടെ നിന്റെ ക്ലാസ് ടീച്ചർ ഇന്ന് വിളിച്ചിരുന്നു…………ഒരാഴ്ച്ചയായി മകനെ അങ്ങോട്ടേക്ക് കാണുന്നേയില്ലല്ലോ എന്ന്……… അതോ ഇനി കോഴ്സ് നിർത്തി പോയൊയെന്ന്.?”
അമ്മയുടെ പറച്ചിൽ കേട്ടതും അനന്തുവിന് ചിരി വന്നു.
“ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ കോഴ്സ് നിർത്തും………… വല്ല മെഡിക്കൽ ലീവും പറയാം……… മുത്തശ്ശന്റെ കെയർഓഫിൽ.”
“ഹ്മ്മ് നോക്കാം.”
മറുപടിയായി മാലതിയൊന്ന് മൂളി.
“നിനക്കെന്തേലും എന്നോട് പറയാനുണ്ടോ?”
അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടാണ് മാലതി അത് ചോദിച്ചത്.
അതുകേട്ടതും ഉണ്ടെന്ന അർത്ഥത്തിൽ യന്ത്രികമായി തലയാട്ടി.