വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

രാധിക ഒന്നും മനസിലാവാതെ അയാളെ നോക്കി പുരികം കൂർപ്പിച്ചു.

“ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരാത്മാവിനെ മാത്രമേ സ്വന്തം ശരീരത്തിൽ ഉൾക്കൊള്ളുവാൻ കഴിയൂ…… എന്നാൽ അനന്തുവിന്റെ ശരീരത്തിൽ കുടി കൊള്ളുന്നത് രണ്ടു ആത്മാക്കളാണ്.”

കുലശേഖരൻ വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സത്യം കേട്ട് അവൾ ഭയന്നു വിറച്ചു.

“അ…. അത്‌….അതെങ്‌…അതെങ്ങനെ നടക്കും അച്ഛാ?”

അവൾ വായും പൊളിച്ചിരുന്നു പോയി.

കേട്ടതൊന്നും വിശ്വസിക്കാതിരിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.

കാരണം തന്റെ അച്ഛന്റെ കണ്ടുപിടുത്തങ്ങൾ ഒരിക്കലും തെറ്റാറില്ലെന്ന് അവൾക്ക് നന്നായി അറിയാം.

“എന്നാൽ അവിടെയാണ് ബഹുരസമായ മറ്റൊരു കാര്യം.”

കുലശേഖരൻ പറയുന്നത് കേട്ട് അവൾ ചെവി കൂർപ്പിച്ചു.

“എന്താ അച്ഛാ പറഞ്ഞു വരുന്നേ?”

“ഞാൻ പറഞ്ഞു വന്നത് ആ യുവാവിന്റെ ശരീരത്തിൽ കുടി കൊള്ളുന്ന രണ്ടു ആത്മാക്കളിൽ ഒന്ന് പൂർണകായ ആത്മാവും  മറ്റൊന്ന് അർദ്ധ കായ ആത്മാവും ആണ്.”

അച്ഛൻ പറയുന്നത് കേട്ടു രാധികയ്ക്ക് ഒന്നും മനസിലായില്ല.

“മോളെ അതിന്റെ അർത്ഥം ആ രണ്ടു ആത്മാക്കളിൽ ഒന്ന് അർദ്ധമാണ്…… അതായത് ഒരു ആത്മാവിന്റെ ഛേദിച്ച നേർ പകുതി……..ആ പകുതിയായിട്ടുള്ള ആത്മാവും പിന്നെ പൂർണമായിട്ടുള്ള മറ്റൊരു ആത്മാവും”

ഇതൊക്കെ കേട്ട് രാധികയ്ക്ക് എവിടുന്നൊക്കെയോ പേടി അരിച്ചു കയറുന്ന പോലെ തോന്നി.

അനന്തുവിനോട് മിണ്ടാൻ പോയ നിമിഷത്തെ അവൾ സ്വയം പഴിച്ചു.

“അപ്പൊ അച്ഛൻ പറഞ്ഞു വരുന്നത് അനന്തു പ്രേതമാണെന്നാണോ?”

രാധിക തന്റെ സംശയം പങ്കു വച്ചു.

അതു കേട്ടതും കുലശേഖരന്റെ മുഖത്തു നേർത്ത പുഞ്ചിരി വിടർന്നു.

“ഒരിക്കലുമല്ല മകളെ…….ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ ജീവികൾക്കും ഓരോ നിയോഗങ്ങളുണ്ട്….. എന്നാൽ ഇവിടെ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിച്ചു രണ്ടു ആത്മാക്കളെ പേറിക്കൊണ്ട് ഒരുവൻ ജന്മം പൂണ്ടിരിക്കുന്നു……. അതിനർത്ഥം അവന് രണ്ടു നിയോഗങ്ങൾ ഉണ്ടെന്നാണ്…… അതിനു വേണ്ടിയാണ് ആ യുവാവ് ജന്മം കൊണ്ടത്…”

“അപ്പൊ അതിലൊരു ആത്മാവ് എങ്ങനെ നേർ പകുതിയായി?”

രാധിക വീണ്ടും ചോദിച്ചു.

“അതു തന്നെയാണ് എന്നെയും കുഴപ്പിക്കുന്നത്……. മറ്റൊരു കാര്യം കൂടി ഞാൻ കണ്ടെത്തിയിട്ടുണ്ട്”

“എന്താ അത്‌?”

അവൾ ഭയത്തിനിടയിലും ആകാംക്ഷാഭരിതമായി ചോദ്യമെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *