മുംബൈ പോലൊരു മെട്രോ സിറ്റിയിൽ ജനിച്ചതിനെ ഒരു നിമിഷം അവൾ വെറുത്തു പോയി.
അവൾ ഇരിക്കുന്ന ആൽമരത്തിനു നല്ല കാതലുള്ളതായിരുന്നു.
അതിനാൽ തന്നെ രണ്ടാൾ കൈകൾ കൂട്ടി പിടിച്ചാലെ അതിന്റെ പകുതി വരെ ഏന്തി പിടിക്കാൻ സാധിക്കൂ.
അതിനാൽ തന്നെ ആ മരത്തിന്റെ മറുവശത്തു ഇരിക്കുന്നവരെ പോലും ദക്ഷിണക്ക് കാണാൻ കഴിയുന്നില്ലായിരുന്നു.
വിരലിലെണ്ണാവുന്ന ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളു.
പെട്ടെന്നവിടെ മണികൾ കിലുങ്ങുന്ന ശബ്ദം അവളുടെ കാതിലെത്തി.
ദക്ഷിണയുടെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.
അവിടെ ഒരാൾ പൊക്കത്തിൽ ഒരു ചെമ്പക മരമുണ്ടായിരുന്നു.
അതിന്റെ ചില്ലകൾ നിറയെ ചുവന്ന ചരടിൽ കോർത്ത കുഞ്ഞു മണികളെ കെട്ടി തൂക്കിയത് അവളുടെ ശ്രദ്ധയിൽ പെട്ടു.
ആ കാഴ്ച കണ്ടു അവൾക്ക് അത്ഭുതം തോന്നി.
അനേകം മണികൾ ചുവന്ന ചരടിൽ ആ മരത്തിൽ കെട്ടി വച്ചിട്ടുണ്ട്.
“എന്തിനാ ചേട്ടാ ആ മണികൾ ചെമ്പക മരത്തിൽ കെട്ടി വയ്ക്കുന്നെ?”
ഒരു കുഞ്ഞു പെൺകുട്ടി ഒരു മുതിർന്ന ചെറുപ്പക്കാരന്റെ കയ്യും പിടിച്ചു നിൽക്കുവായിരുന്നു.
ആ പെൺകുട്ടി കൂടെയുള്ള ചെറുപ്പകാരനോട് ചോദിച്ച ചോദ്യമാണ് ദക്ഷിണ കേട്ടത്.
പെട്ടെന്നവൾ അതിനു കാതു കൊടുത്തു.
“അത് മോളെ പെൺകുട്ടികൾ ചെയ്യുന്ന ഒരു കർമമാ അത്…….. അവർക്ക് ഭാവിയിൽ നല്ലൊരു വരനെ കിട്ടാനും മംഗല്യ ഭാഗ്യം ലഭിക്കാനും അതു കഴിഞ്ഞുള്ള ഏഴു ജന്മങ്ങളിലും അയാളെ തന്നെ വരനായി കിട്ടുവാനുമാണ് ഈ ചടങ്ങ് ചെയ്യുന്നത്.”
ചെറുപ്പക്കാരൻ പറഞ്ഞു നിർത്തി.
“എനിക്കും അങ്ങനെ ചെയ്യണം ഏട്ടാ…….എന്താ ഞാൻ ചെയ്യണ്ടേ?”
ആ പെൺകുട്ടി കൊഞ്ചലോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചതും ദക്ഷിണക്ക് അവളോട് വാത്സല്യം തോന്നി.
“അവിടെ ആ മരത്തിനന് കീഴിലുള്ള മണിയും ചരടും എടുത്ത് ഈ പ്രതിഷ്ടയ്ക്ക് മുന്നിൽ വന്നു പ്രാർത്ഥിക്കുക……..എന്നിട്ട് ആ ചരടിന്റെ ഒരറ്റത്തു മണി കെട്ടിയിട്ട് മറ്റേയറ്റം മരത്തിന്റെ കൊമ്പിൽ കെട്ടി തൂക്കണം ”
ഒരു അധ്യാപകനെ പോലെ അയാൾ നിർദേശം നൽകിയതും ദക്ഷിണ അറിയാതെ ചിരിച്ചു പോയി.
ആ പെൺകുട്ടിയുടെ ഓരോ ചലനങ്ങളും അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.
ആ കുട്ടി ചെറുപ്പക്കാന്റെ കൈ വിട്ട് ആ ചെമ്പക മരത്തിന്റെ ചോട്ടിലേക്കോടി.