അതാണ് ജീവ ഗണിതത്തിന്റെ അപാരമായ കഴിവ്.
അനന്തുവിന്റെ ജീവഗണിതം പൂർത്തിയായതും കുലശേഖരൻ സന്തോഷത്തോടെ തന്റെ മന്ത്ര ശക്തികൾ ഉപയോഗിച്ച് അതിനെ വിശകലനം ചെയ്ത് അപഗ്രഥിക്കുവാൻ തുടങ്ങി.
അവന്റെ രഹസ്യങ്ങളുടെ താക്കോൽ തേടിക്കൊണ്ട് അയാളും യാത്ര തുടങ്ങി. . . . . പിറ്റേ ദിവസം രാവിലെ തേവക്കാട്ട് മനയിലേക്ക് മൂന്നു ജീപ്പുകൾ വരി വരിയായി പടിപ്പുരയും താണ്ടി കൊണ്ട് വന്നു.
വണ്ടികളുടെ ഒച്ച കേട്ടതും ഗോദയുടെ പണിയിൽ നിന്നും യതി തല പൊക്കി നോക്കി.
എങ്ങോട്ടോ പോകാനിറങ്ങിയ ബലരാമൻ കോലായിൽ തന്നെ ഷർട്ടിന്റെ കൈ തെറുത്തുകൊണ്ട് തൂണും ചാരി നിന്നു.
വണ്ടികളുടെ ശബ്ദം കേട്ടതും ഒരു ഷർട്ട് ഒക്കെ എടുത്തിട്ട് ശങ്കരൻ അങ്ങോട്ടേക്ക് കടന്നു വന്നു.
കൂടെ വിജയനും.
ആളുകളെ കണ്ടപ്പോഴേ അമ്പലത്തിലെ സംഘാടകരാണെന്ന് ശങ്കരൻ മനസിലാക്കിയിരുന്നു.
അദ്ദേഹത്തെ കണ്ടപ്പോഴേ ജീപ്പിൽ വന്നിറങ്ങിയവർ ബഹുമാനത്തോടെ തൊഴു കയ്യോടെ കോലായിലേക്ക് കയറി വന്നു.
ബാലരാമനും യതിയും കൂടി അവരെ യഥോചിതം അവിടെ ക്ഷണിച്ചിരുത്തി.
നല്ല ചൂടായതിനാൽ കോലായിലെ കാറ്റും കൊണ്ട് കുറെ പേർ അവിടെ തന്നെയിരുന്നു.
അവിടുള്ള ചാരു കസേരയിൽ ശങ്കരനും ചാരിയിരുന്നു.
“ഹ്മ്മ് എന്താപ്പോ ഒരു വരവ് എല്ലാരും കൂടി?”
ഗൗരവത്തോടെ അദ്ദേഹം സംസാരത്തിനു തുടക്കമിട്ടു.
“അങ്ങുന്നേ ഈ മാസം സംക്രമത്തിനാ ദേവി ആഗ്രഹിക്കണത് ഭൂമി പൂജ നടക്കാൻ……… അപ്പൊ അതിനു മുന്നെ തൊയ്താരം പാടിയുണർത്തൽ ചടങ്ങ് നടത്തിയാലൊന്ന് ഒരാലോചനയുണ്ട്……… നമ്മുടെ സംഘടനയിലെ 20 പേര് തിരുവമ്പാടിക്ക് പോയിട്ടുണ്ട്…….. ബാക്കിയുള്ള 20 പേര് ഇങ്ങോട്ടും വന്നു”
കൂട്ടത്തിലെ പ്രസിഡന്റ് ഉറക്കെ വിളിച്ചു പറഞ്ഞു.
“അപ്പൊ എപ്പോ നടത്താനാ തീരുമാനം?”
ബാലരാമനാണ് അത് ചോദിച്ചത്.
ഈ ഇംഗ്ലീഷ് മാസം രണ്ടാം വാരത്തിലെ അവസാന ശനിയാഴ്ച……. അന്ന് നല്ല മുഹൂർത്തമാണെന്ന സ്വർണ പ്രശ്നം വച്ചപ്പോ തെളിഞ്ഞത് ……”
പ്രസിഡന്റ് തന്നെ അതിനുമുള്ള മറുപടിയും പറഞ്ഞു.
“ഇത്തവണ തിരുവമ്പാടിക്കാരുടെ ഒരുക്കളൊക്കെ എവിടം വരെയായി?”
ശങ്കരൻ ഔൽസുക്യത്തോടെ ചോദിച്ചു.
“ദേഷ്യം തോന്നരുത് അങ്ങുന്നേ………നമ്മളെ ക്കാളും ഒരുപാട് മുൻപിലാണെന്നെ പറയാൻ നിവൃത്തിയുള്ളൂ ……. തിരുവമ്പാടിയിലെ ജയശങ്കറൊക്കെ നേരത്തെ തന്നെ പരിശീലനം തുടങ്ങീന്നാ കേക്കണേ……..കുന്താളപുരക്കാരും ഭയങ്കര ആവേശത്തിലാ…… ഗോദയുടെ നിർമാണമൊക്കെ മാസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു….. ഇത്തവണ രണ്ടും കല്പിച്ചാ…”