പതിയെ അതു മങ്ങി മങ്ങി പഴയ അവസ്ഥയായി മാറി. ഇത് കണ്ട സന്യാസി ശ്രേഷ്ഠൻ തൊഴു കൈയോടെ അവരെ വണങ്ങി.
“സ്വാമിനി.. ആ മന്ത്രം ആ യുവാവ് പ്രാപ്തമാക്കി അല്ലെ? ”
“അതേ ശിഷ്യ . അയാൾ അതു സ്വായത്തമാക്കി. ”
“സ്വാമിനി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ”
“അതിന്റെ പരിണിത ഫലം അയാൾ നേരിട്ടേ മതിയാകൂ… ഏറ്റവും അവസാനം ആയിരിക്കും ആ പ്രതിസന്ധി അയാളെ നേരിടുക. അയാളെ തേടി ആ പ്രതിയോഗി എത്തും. ഒരുപക്ഷെ അവൻ മരണപ്പെട്ടേക്കാം അല്ലെങ്കിൽ അതിജീവിച്ചേക്കാം. എല്ലാം ജഗദീശ്വരന്റെ കയ്യിൽ. ഹെയ് അനന്തു കൃഷ്ണാ… നീ എന്നെ തേടി വരും. ഈ മായാമോഹിനിയെ തേടി വരും. നിന്റെ നിയോഗത്തിലേക്കുള്ള ആദ്യ ചുവട് എന്നിൽ നിന്നും ആയിരിക്കും. അതിനു നീ എന്നെ കണ്ടെത്തിയേ തീരൂ.. നാം കാത്തിരിക്കുന്നു നിന്റെ ആഗമനത്തിനായി. ”
ആർത്തട്ടഹസിച്ചുകൊണ്ടു സ്വാമിനി സാവധാനം മിഴികൾ പൂട്ടി ധ്യാനമഗ്നയായി.സന്യാസി ശ്രേഷ്ഠൻ അവരെ നോക്കി കൈകൾ കൂപ്പി വണങ്ങി.
——————————————————
വീട്ടിലേക്ക് ബൈക്ക് കയറ്റി വച്ചു ഓഫ് ചെയ്തു അനന്തുവും ശിവയും ചാടിയിറങ്ങി. അപ്പോഴേക്കും മാലതി അവിടേക്ക് വന്നെത്തി
“ആഹാ മക്കൾ വന്നോ? ”
“പിന്നില്ലേ… ടീച്ചറമ്മ നേരത്തെ വന്നോ ? ” ശിവ കൊഞ്ചലോടെ മാലതിയുടെ കവിളുകൾ പിച്ചി വലിച്ചു.
“പിന്നെ വരാതെ.. മക്കൾക്ക് ഇഷ്ട്ടമുള്ള ഉള്ളിവട ആക്കുവായിരുന്നു. “അമ്മ മാലതി ഉത്സാഹത്തോടെ പറഞ്ഞു.
“അതു പൊളിച്ചു.. എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ടമ്മേ .” അനന്തു വയറു തടവിക്കൊണ്ട് വീടിനു ഉള്ളിലേക്ക് കയറി
“എങ്കിൽ പോയി ആനയെ തിന്നടാ മരമാക്രി” ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.
“മാക്രി നിന്റെ കെട്ടിയോൻ ”
“അമ്മേ കണ്ടോ എന്റെ കെട്ടിയോനെ പറയുന്നത്? ” ശിവ കള്ള കരച്ചിൽ തുടങ്ങി.
“തുടങ്ങി രണ്ടും കൂടി. മടുത്തു ഞാൻ. എന്നെ ഒറ്റക്ക് കഷ്ട്ടപെടുത്താൻ ആണല്ലേ നേരത്തെ അങ്ങ് പോയത് ? ” ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അനന്തുവിന്റെയും ശിവയുടെയും അച്ഛന്റെ ഫോട്ടോയിലേക്ക് മാലതി ഉറ്റു നോക്കി.
പതുക്കെ സാരിയുടെ കോന്തലകൊണ്ടു ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു അവർ അടുക്കളയിലേക്ക് പോയി. ശിവയും അനന്തുവും ഓടി വന്നു മാലതിയെ ഇറുക്കി കെട്ടിപിടിച്ചു. മാലതി രണ്ടുപേരെയും ചേർത്ത് പിടിച്ചു
“അച്ഛനു പകരം ഒരു തടി മാടനെയും ചീവീടിനെയും അമ്മക്ക് കിട്ടിയില്ലേ… അപ്പൊ ടീച്ചറമ്മ ഹാപ്പി അല്ലെ? ” അനന്തു മാലതിയുടെ തോളിൽ തല ചായ്ച്ചു.
“അതേടാ അച്ഛൻ എനിക്ക് രണ്ടു ചുണക്കുട്ടികളെ തന്നില്ലേ അമ്മ ഹാപ്പി ആണ് കേട്ടോ ”
അനന്തുവിന്റെ കവിളിലും ശിവയുടെ നെറ്റിയിലും മാലതി ചുണ്ടുകൾ അമർത്തി. അമ്മയുടെ ഒപ്പം ചായ കുടിച്ചു അച്ഛച്ചൻറെ മുറിയിലേക്ക് എണീറ്റു പോകാൻ നോക്കുമ്പോൾ ആണ് അനന്തുവിന്റെ ഫോൺ റിങ് ചെയ്തത്.
അവൻ നോക്കിയതും പരിചയമില്ലാത്ത നമ്പറിൽ നിന്നും ആയിരുന്നു കാൾ. അല്പം മാറി നിന്നു അവൻ ഫോൺ കാതോരം ചേർത്തു
“ഹലോ ”
“ഹലോ അനന്തു ” മറുതലയ്ക്ക് പരിചിതമായ ഒരു സ്ത്രീ ശബ്ദം.
“ആരാ മനസ്സിലായില്ല? ”
“അനന്തു ഇത് ഞാനാ ഇന്ദു ”