പിറ്റേന്ന് പക്ഷെ മഞ്ജുസ് എന്നെ വീണ്ടും ഞെട്ടിച്ചു. രാവിലെ കോളേജിൽ വെച്ച് കണ്ടപ്പോഴേ വൈകീട്ട് പോകാൻ നേരം കണ്ടിട്ടേ പോകാവുള്ളു എന്ന് മഞ്ജു കട്ടായം പറഞ്ഞു. ഞാനതു സമ്മതിക്കുകയും ചെയ്തു .
ഇത്തവണ ഞാൻ കോളേജ് കോമ്പൗണ്ടിൽ തന്നെ മഞ്ജുസിനെ പ്രതീക്ഷിച്ചു കാത്തിരുന്നു. പാർക്കിംഗ് സൈഡിലുള്ള മരച്ചുവട്ടിൽ ഞാൻ അവളും വരുന്നത് കാത്തിരുന്നു . സ്വല്പം കഴിഞ്ഞപ്പോൾ കക്ഷി എത്തി .
ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആണ് വേഷം . ബാഗ് തോളിലിട്ടുകൊണ്ട് കുണുങ്ങി കുണുങ്ങി മഞ്ജു എന്റെ അടുത്തേക്ക് വന്നു . ഞാനവളെ കണ്ടതും എഴുനേറ്റു നിന്നു അറ്റൻഷനിൽ ആയി .
“എന്താ കാണണം ന്നു പറഞ്ഞെ ?”
ഞാൻ പതിയെ തിരക്കി അവളെ നോക്കി..
“മ്മ്…പറയാം…”
അവൾ ചിരിച്ചുകൊണ്ട് തോളിൽ ഉണ്ടായിരുന്ന ബാഗ് തുറന്നുകൊണ്ട് അതിൽ നിന്നും ഒരു ബോക്സ് പുറത്തെടുത്തു . ഗിഫ്റ് ബോക്സ് പോലെ പൊതിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു അത്..
ഞാൻ അതിലേക്ക് കൗതുകത്തോടെ നോക്ക്കി നിൽക്കെ മഞ്ജു അത് എനിക്കായി നീട്ടി..
“വാങ്ങിക്കോ…”
അവൾ ചിരിയോടെ പറഞ്ഞു..
“എന്താ ഇത്…?”
ഞാൻ പതിയെ ചോദിച്ചു കൊണ്ട് അത് തിരിച്ചും മറിച്ചും നോക്കി.
“തുറന്നു നോക്കെടാ ..അപ്പൊ അറിയാം “
മഞ്ജു ചിരിയോടെ പറഞ്ഞു.
ഞാൻ ആകാംക്ഷയോടെ ആ ബോക്സ് അഴിച്ചു..പേപ്പർ അഴിഞ്ഞപ്പോ തന്നെ അതൊരു മൊബൈൽ ഫോൺ ആണെന് എനിക്ക് മനസിലായി..