“ഇന്ന് കോകില മിസ്സ് വന്നിട്ടില്ല അളിയാ.”
അസംബ്ലി കഴിഞ്ഞു വന്ന സോണി വാർത്തയെത്തിച്ചു.
“ഓഹ്… എനിക്ക് തോന്നി ഇന്ന് വരില്ലായിരിക്കുമെന്ന്.”
പ്രതീക്ഷകൾ ഉള്ളിൽ ഒളിപ്പിച്ച് അവൻ സോണിയോട് അഭിനയിച്ചു. സോണി തിരിച്ചൊന്നും പറയാനോ അവനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇടവേളകളിലൊന്നും അവൻ പുറത്തിറങ്ങിയതുമില്ല. മൂത്രമൊഴിക്കാൻ അല്ലാതെ. താൻ ചെയ്‌ത തെറ്റിന്റെ കാഠിന്യം അവനെ തളർത്തിതുടങ്ങിയത് അവനറിഞ്ഞു. വൈകീട്ട് ക്ലാസ് വിട്ട് നടന്നു നീങ്ങുന്നതിനിടയിൽ അവൻ സോണിയോട് പറഞ്ഞു,
“സോണിമോനെ, നീയങ്ങോട്ട് നോക്കിയേ”
അവൻ കോമ്പൗണ്ടിനുള്ളിൽ നിന്നിരുന്ന പ്ലാവിന് കീഴേക്ക് വിരൽ ചൂണ്ടി.
“ആ പ്ലാവിനും ഏകാന്തതയാണ് മച്ചമ്പീ, കൂട്ടിനാരും ഇല്ലാതെ.”
“എടാ കടുപ്പൊട്ട കഴുവേറീ, അതല്ല. എന്റെ സൈക്കിൾ കാണുന്നില്ല. ആ പ്ലാവിന്റെ ചോട്ടിലാ വെച്ചേ.”
“ആ, ശെരിയാണല്ലോ? സൈക്കിളെവിടെ?”
“ബെസ്റ്റ്. വാ നോക്കാം.”
സംഭവിച്ചേക്കാവുന്ന കാര്യങ്ങളുടെ ഒരൂഹം വച്ച് അവർ ആദ്യം പോയത് സ്കൂൾ ഗ്രൗണ്ടിലേക്കാണ്. അവിടെ സ്കൂളിൽ നിന്നും കാണാൻ സാധിക്കാത്ത വിധം മതിൽ കെട്ടി മറച്ചിരുന്ന ഭാഗത്തേക്ക് കറങ്ങി ചെന്നപ്പോൾ അവിടെ നിഖിലും കിരണും ജിതിന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിടുകയായിരുന്നു. ഫൈസൽ അതും നോക്കി ഒരു സ്റ്റമ്പും പിടിച്ച് ചിരിച്ചു നിൽക്കുന്നു.
“ടാ ടാ….”
ജിതിൻ ബാഗ് വലിച്ചെറിഞ്ഞ് ഒച്ചയെടുത്തുകൊണ്ട് ഓടിച്ചെന്നു. സോണി അല്പം മടിച്ചിട്ടാണെങ്കിലും അവന്റെ പുറകെ ഓടി. കാറ്റഴിച്ചു കൊണ്ടിരുന്നവന്മാർ എണീറ്റ് ജിതിൻ അടുത്തെത്തുന്നത് നോക്കി നിന്നു.
“ഫൈസലെ, എനിക്കിപ്പോ നിന്നോട് മുട്ടാനുള്ള മനസികാവസ്ഥയല്ല. നീയെന്നെ വെറുതെ വിട്.”
“അതിന് ഞാനെന്തു ചെയ്തു ജിത്തുമോനെ? അല്ല, അങ്ങനെയല്ലേ നിന്നെ ആ സ്ലട്ട് വിളിക്കുന്നേ?
ജിതിന്റെ കണ്ണുകളിൽ തീ പാറി. അവൻ മിന്നാൽവേഗത്തിൽ എഴുന്നേറ്റ് ചെന്ന് ഫൈസലിന്റെ വയറു നോക്കി ആഞ്ഞു ചവിട്ടി.
“ആ…” വല്ലാത്തൊരു ഒച്ചയോടെ ഫൈസൽ പുറകിലേക്ക് മറിഞ്ഞു.
“അവളെപ്പറ്റി ഒരക്ഷരം മിണ്ടിയാലുണ്ടല്ലോ”
അതേനേരം നിഖിൽ ജിതിന്റെ പിന്നിലൂടെ ചെന്ന് ജിതിന്റെ തോളിലൂടെ കയ്യിട്ട് കൈകൊണ്ടു അവന്റെ കഴുത്തിറുക്കി പൂട്ടിട്ടു. കിരൺ ജിതിന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് അവന്റെ കാലുകൾ രണ്ടും കൂട്ടി കെട്ടിപ്പിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ ജിതിൻ ഒന്ന് പകച്ചു. ശ്വാസം മുട്ടി തുടങ്ങിയ ജിതിൻ കഴുത്തിൽ ഇറുക്കിയ നിഖിലിന്റെ കൈകൾ വിടുവിക്കാൻ ഒരു വിഫല ശ്രമം നടത്തി. ഇതെല്ലാം കണ്ട് അന്ധാളിച്ചു നിന്ന സോണി അവനെ സഹായിക്കാൻ മുന്നോട്ടാഞ്ഞപ്പോൾ വീഴ്ചയിൽ നിന്നും എണീറ്റു വരുന്ന ഫൈസലിനെ കണ്ട് അനക്കം നിലച്ചു.
“ഞാൻ ഒന്നുമില്ലെങ്കിലും നിന്നെക്കാൾ രണ്ടു വയസ്സിന് മൂത്തതല്ലേ മോനെ… മൂത്തവരെ തല്ലാൻ പാടുണ്ടോ? ഏ?”