കോകില മിസ്സ് 4 [കമൽ]

Posted by

“നീ കൊറേ നേരമായല്ലോ , ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ, അതു ചോദിക്കട്ടെ, ഇതു ചോദിക്കട്ടെ എന്നൊക്കെ പറയുന്നു? എന്താണേലും പറ. നീ ഉച്ചക്ക് മിസ്സിങ് ആയത് ആരും ചോദിച്ചിട്ടുമില്ല, അന്വേഷിച്ചിട്ടുമില്ല. നീ നല്ല ഫേമസ് അണല്ലോടേയ്… സത്യത്തിൽ എന്താ നടന്നത്? നീയെവിടെപ്പോയതാ? അതോ നിന്നെ പിന്നേം ആരെങ്കിലും പൂട്ടിയിട്ടോ? “
“ഞാൻ കോകില മിസ്സിനോട് സംസാരിക്കാൻ വേണ്ടി ലാബിൽ…”
അവൻ കോകിലയെ ഉമ്മ വച്ചതൊഴികെ ബാക്കിയെല്ലാം പറഞ്ഞു. ചില ഭാഗങ്ങൾ അവനെ ഇക്കിളിപ്പെടുത്തിയെങ്കിലും ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ടല്ലോ എന്നാലോചിച്ച് സോണി കണ്ണു മിഴിച്ചു.
“ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത്… മച്ചമ്പീ… എന്റെ സ്ഥാനത്ത് നീയാണെങ്കിൽ എന്തു ചെയ്യും?”
“ചോദിക്കാനുണ്ടോ, ഞാൻ എന്റെ തന്നെ കരണത്തടിച്ച് സമസ്ഥാപരാധങ്ങളും പൊറുക്കാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ച പഠിപ്പ് നിർത്തി വീട്ടിലിരിക്കും.”
“ശെരി. എല്ലാം മായ്ച്ചു കള. ഞാൻ വേറൊരു രീതിയിൽ ചോദിക്കാം. മം… നിനക്ക് സ്വന്തമാണെന്നു നീ വിശ്വസിക്കുന്ന ഒന്ന്. അത് നിന്റെ കൈപ്പിടിയിലുണ്ട്. പക്ഷെ, സ്വന്തമാക്കാൻ കഴിയുന്നില്ല. നിനക്കാണെങ്കിൽ അതില്ലാതെ പറ്റില്ല. നീയാണേൽ എന്തു ചെയ്യും???
“അതിന് കയ്യിലൊണ്ടെങ്കിൽ സ്വന്തം പോലെ തന്നല്ലേ?”
“അല്ലളിയാ കൈപ്പിടിയിൽ ഒതുക്കുന്നതും സ്വന്തമാക്കുന്നതും രണ്ടും രണ്ടാണ്. നിനക്കത് കുറച്ചു കാലം കഴിഞ്ഞ് മനസ്സിലാവും.”
“ഹോ….. അവന്റെ ഒരു കഞ്ചാവ് സാഹിത്യം. എന്തായാലും… ഇതിൽ കൂടുതൽ ചിന്തിക്കാനെന്തിരിക്കുന്നു?”
“ഒന്നുമില്ലേ?”
“ഒന്നുമില്ലളിയ, നിനക്ക് സ്വന്തമാക്കണം എന്ന് തോന്നുന്നതിന് വേണ്ടി നീ പൊരുതണം. സ്വന്തമാവുന്നത് വരെ. അതു നിനക്കുള്ളതാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും എന്തു തന്നെയായാലും അത് നിന്നിലേക്ക് തന്നെ വന്നു ചേരും.”
‘നീ പൊരുതണം. സ്വന്തമാവുന്നത് വരെ’… ആ വാചകം ഒരായിരം തവണ തന്റെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നത് പോലെ തോന്നി ജിതിന്‌. തന്റെ കൂടെ തന്റെ സൈക്കിളും ഉന്തി നടക്കുന്ന സോണിയെ ആദ്യം കാണുന്നത് പോലെ അവൻ നോക്കി. വാ തുറന്നാൽ വേകിളിത്തരം മാത്രം പറഞ്ഞിരുന്ന തന്റെ പഴയ സോണി തന്നെയാണോ ഇത്? അല്ലാ എന്നവന് തോന്നി. കാരണം ആ സംഭാഷണം കഴിഞ്ഞ് ഇരുവരും രണ്ടു വഴിക്ക് പിരിയുന്നത് വരെ അവർക്കിടയിലെ നിമിഷങ്ങൾ മൂകമായിരുന്നു. കാർമേഘങ്ങൾ ഇരുണ്ടുകൂടി മാനം കറുത്തു. പിന്നിൽ, ക്ലാസ്സ് മുറിയുടെ ഒരു കോണിൽ ചതച്ചരക്കപ്പെട്ട ഒരു പനിനീർപ്പൂവ് ആരുമറിയാതെ നിശബ്ദം തേങ്ങി.
“ജിതിൻ, യൂ ആർ മേക്കിംഗ് നോ പ്രോഗ്രാസ്. ആർ യു സ്റ്റക്ക് സംവേയർ? ഐ ഡോണ്ട് നോ ഇഫ് യു കാൻ ഹാൻഡിൽ ദിസ് പ്രോജക്ട് എനി മോർ. തനിക്കെന്തു പറ്റി? ഓഹ് ജിതിൻ, ഹൗ ലോ യൂ ഹാവ് ഫോള്ളൻ… ജിതിൻ, ജിതിൻ….. ജിതിൻ!!!!!!”
ജിതിൻ അവന്റെ കട്ടിലിൽ നിന്നും ഞെട്ടിയെണീറ്റു. ഓഹ്… സ്വപ്നമായിരുന്നോ? ജിതിന്റെ മേലധികരി കുരുവിളയുടെ സന്ദർശനം സ്വപ്നത്തിലൂടെയായിരുന്നെങ്കിലും അവന്റെ ഹൃദയമിടിപ്പ് കൂട്ടി. അവരൊക്കെ ഇപ്പൊ എന്തെടുക്കുകയായിരിക്കും? സമയം വന്നതോ അതോ പോയതോ? തന്റെ ശരീരത്തിന് ഇപ്പൊ എന്തു സംഭവിച്ചു കാണും? ഒരുപാട് ആലോചിച്ചു ശീലമല്ലാത്ത മനസ്സിനെ അവൻ ചിതഭ്രമത്തിന് വിട്ടു കൊടുക്കാതെ ഉറങ്ങാൻ ശ്രമിച്ചു. ടൈം പീസിൽ നോക്കിയപ്പോൾ മണി ഒന്ന്‌. വെളുപ്പിനേ വെറുപ്പിച്ചു. നല്ല ക്ഷീണം കാരണം തലേന്ന് നേരത്തെ ഉറങ്ങിയതാണ്. ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി പുതച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *