ആ കുറിപ്പ് വായിച്ചതും മോഹൻ ഇതികർത്തവ്യമൂഢനായി ഇരുന്നു. അയാളുടെ ചിന്തകൾ ഭൂതകാലത്തേക്ക് പാഞ്ഞു.
തന്റെ അനിയൻ മഹേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ദീപ്ശിഖ എന്ന പേരാണ് തന്നെ ഒരുപാട് ആകർഷിച്ചത്. ആദ്യമായി അനിയന്റെ ഒപ്പം വീട്ടിൽ വന്നപ്പോൾ ആ സൗന്ദര്യം തന്റെ മനസ്സ് മയക്കി. അനാഥയാണ് എന്നറിഞ്ഞപ്പോൾ വീട്ടുകാർ കല്യാണത്തിന് എതിർത്തെങ്കിലും തന്റെ നിർബന്ധത്തിന് വഴങ്ങി ആ കല്യാണം നടത്തി തന്നു. നീണ്ട ഇരുപത്തി രണ്ടു വർഷത്തെ ദാമ്പത്യം. ഞങ്ങൾക്ക് രണ്ടു പെണ്കുട്ടികള് നിഷയും കാവ്യയും രണ്ടു പേരും ദൂരെ ഹോസ്റ്റലിൽ നിന്നും മെഡിസിന് പഠിക്കുന്നു. മൂത്ത മകൾ നിഷ മൂന്നാം വർഷവും കാവ്യ ഒന്നാം വർഷവും. ഈ ഇരുപത്തിരണ്ടു വർഷവും അവൾ തന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും യാതൊരുവിധ പരാതിയും ഉണ്ടാക്കാതെ കൊണ്ടു പോയിരുന്നു. പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി ദീപ്ശിഖയേ തങ്ങളുടെ മകളുടെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ കൂടെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് പലരും പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. അതിന്റെയെല്ലാം ഒടുക്കം ഇപ്പോൾ ഇതാ ഇങ്ങനെയും.
മോഹൻ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ദീപ്ശിഖയെ ഫോൺ ചെയ്തു നോക്കുമ്പോൾ ഫോൺ റിങ് പോകുന്നു പക്ഷെ ആരും അറ്റൻഡ് ചെയ്യുന്നില്ല. അന്ന് മോഹൻ ഓഫീസിൽ പോകാതെ ലീവ് എടുത്തു. ഒന്നിനും ഒരുഷാറും ഇല്ല. അയൽപക്കത്തു അന്വേഷിച്ചപ്പോൾ തലേന്ന് വൈകുന്നേരം ദീപ്ശിഖ ഒരു ചെറുപ്പക്കാരനൊപ്പം പോകുന്നത് കണ്ടു എന്ന വിവരമാണ് ലഭിച്ചത്.
“കുലട! അവൾക്ക് എങ്ങനെ തന്നെ വഞ്ചിക്കാൻ തോന്നി.” മോഹൻ മനസ്സിൽ ഓർത്തു.
മോഹന് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വരുന്നുണ്ട്. പോലീസിൽ പരാതി കൊടുത്താലോ എന്നയാൾ ആലോചിച്ചു. വേണ്ട ഇപ്പോൾ ഇത് തനിക്ക് മാത്രമേ അറിയൂ. ഇനി ഇത് പരസ്യമാക്കി നാട്ടുകാരുടെ മുന്നിൽ പരിഹാസം ആകണ്ട.
മോഹൻ കുറച്ചു നേരം ആലോചനയിൽ മുഴുകി. ഒടുവിൽ ദീപ്ശിഖയെ അന്വേഷിച്ചു ഇറങ്ങാൻ തന്നെ തീരുമാനിച്ചു.