കോയമ്പത്തൂരും പാലക്കാടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല എന്നാൽ മുണ്ടൂര് കഴിഞ്ഞപ്പോൾ വള്ളുവനാടൻ ഫീൽ കിട്ടി തുടങ്ങി കുറച്ച് കെട്ടിടങ്ങൾ വന്നതൊഴിച്ചാൽ എന്റെ നാടിന് പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ഡ്രൈവർ മുരുകന് വഴി അത്ര നിശ്ചയം പോര അതിനാൽ തന്നെ ഞാൻ മുന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു .കോങ്ങാട്, പത്തിരിപ്പാല വഴി അങ്ങനെ ഒറ്റപ്പാലമെത്തി.
തറവാട്ട് മുറ്റത്ത് രാമേട്ടനുണ്ടായിരുന്നു. രാമേടൻ ഓടി വന്നെനെ കെട്ടിപ്പിടിച്ചു “എന്ത് കോലത്തിലാ എന്റെ കുഞ്ഞ് വന്നിരിക്കണത് ഈ താടിയും മുടിയുമൊക്കെ ഒന്ന് വെട്ടിക്കൂടെ ” ഞാൻ രാമേട്ടനെ പുഞ്ചിരിയോടെ നോക്കി .അച്ഛന്റെ വിശ്വസ്തനായിരുന്നു രാമേട്ടൻ ഈ ലോകത്ത് എന്നെ വഴക്ക് പറയാനും ഉപദേശിക്കാനും സ്വാതന്ത്രമുള്ള ചുരുക്കം ചിലരിൽ ഒരാൾ.
മുരുകന് ടാക്സി ചാർജ്ജ് നൽകി സെറ്റിൽ ചെയതു .ബാഗ് എടുത്ത് രാമേട്ടൻ ഉള്ളിൽ കയറി ” രാമേട്ടാ ആ തോർത്തും സോപ്പും എടുത്ത് വച്ചേക്കൂ ” ഞാൻ കുളത്തിലേക്ക് ചെന്നു കുളിപ്പുരയിൽ ചെന്ന് വസ്ത്രം മാറി നേരെ കുളത്തിലേക്ക് ചാടി നന്നായി നീന്തി കുളിച്ചു. കുളി കഴിഞ്ഞ് ഈറനുടുത്ത് നേരെ വടക്കിനിയിൽ കയറി അച്ഛന്റേയും അമ്മയുടേയും ഫോട്ടോയിൽ ഒരു തിരി കത്തിച്ചു. അപ്പോഴേക്കും രാമേട്ടൻ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. നല്ല മട്ടയരി ചോറും, ചെമ്പല്ലിമീൻ വറുത്തതും, മത്തി കൂട്ടാനും.
വയറ് നിറയെ കഴിച്ചു ” രാമേട്ടനാണോ ഇതെല്ലാം ഉണ്ടാക്കിയത് ” ഞാൻ ചോദിച്ചു . “അല്ല കുഞ്ഞേ നമ്മുടെ കുളത്തിനപ്പുറത്തുള്ള മമ്മദിന്റെ പുരയിടമില്ലേ അത് അയാൾ വിറ്റു വലിയ പൈസക്കാരാ എടുത്തിരിക്കണത് . പൊന്നാനിക്കാരാ, അവർ ദുബായിലാ അവരുടെ ബന്ധത്തിൽപ്പെട്ട ഒരു പെണ്ണുണ്ടവിടെ കാര്യങ്ങൾ നോക്കി നടത്താൻ, ഇവിടെ അടിച്ചുവാരാൻ ഒക്കെ വരുന്നത് ആ പെണ്ണാ, അവള് വെച്ച് തന്നതാ”
എന്തായാലും സംഗതി നന്നായിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി വൈകീട്ട് ഗോവിന്ദൻ മാമ വന്നു ” കണ്ണാ നിന്റെ പഠിത്തം കഴിഞ്ഞ സ്ഥിതിക്ക് എന്താ ഇനി ഭാവി പരിപാടികൾ ” .”ജോലിക്ക് എന്തായാലും പോകേണ്ട എന്ന് തന്നെയാണ് തീരുമാനം ഗോവിന്ദൻ മാമേ, പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു അതു കൊണ്ട് പഠിച്ചു ഇനി കൃഷിയും കാര്യങ്ങളുമായി ഇവിടെ തന്നെ കൂടാം”