ഒളിച്ചോട്ടം 8 💘
Olichottam Part 8 | Author-KAVIN P.S | Previous Part
എന്റെ ഈ കൊച്ചു കഥയ്ക്ക് നിങ്ങൾ വായനക്കാർ നൽകുന്ന പിന്തുന്തണയ്ക്കും സ്നേഹത്തിനും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് കൊണ്ട് ഈ ഭാഗത്തിനും നിങ്ങളുടെ സ്നേഹമാകുന്ന Like ❤️ ഉം അഭിപ്രായങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഈ ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S 💗
പിന്നെയും ഞങ്ങൾ കുറേ നേരം ഓരോ കിന്നാരമൊക്കെ പറഞ്ഞു കിടന്നു. കുറേ നേരം കഴിഞ്ഞ് ഞാൻ പറയുന്നതിന് അനൂന്റെ മറുപടി കേൾക്കാതായതോടെ നോക്കിയപ്പോ പെണ്ണെന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ചു ഉറങ്ങിയിരുന്നു. അനൂന്റെ നെറ്റിയിലൊരു സ്നേഹ ചുംബനം കൊടുത്തിട്ട് നേരത്തെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ആദ്യ യാത്രയുടെ ഓർമകളിലേയ്ക്ക് മനസ്സിനെ ഞാൻ ഒരിക്കൽ കൂടി തിരിച്ചു നടത്തിച്ചു.
*~*~*~*~*~*~*~*~*~*
പിറ്റേന്ന് പതിവ് പോലെ അടുത്തുള്ള പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ട് ഉറക്കമുണർന്ന ഞാൻ പ്രഭാത കൃത്യങ്ങൾ ഒക്കെ തീർത്ത് ഒരു ട്രാക്ക് സ്യൂട്ടും ടീ-ഷർട്ടും വലിച്ച് കേറ്റി ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് വച്ച് പിടിച്ചു. ബൈക്കിൽ പോകുമ്പോൾ രാവിലത്തെ തണുത്ത കാറ്റേറ്റ് താടിയെല്ല് കൂട്ടിയിടിച്ച് പോയി അത്രയ്ക്ക് തണുപ്പുണ്ടായിരുന്നു. ജിമ്മിലെത്തിയ ഞാൻ നോർമൽ സ്ട്രെച്ചിംഗ് എക്സർസൈസുകൾ ചെയ്ത് കഴിഞ്ഞപ്പോൾ ജിമ്മിലെ ദിവാൻ കോട്ട് സോഫയിൽ കേറി കിടന്ന് അനുവുമായി ഔട്ടിംഗിന് പോകാനുള്ള കാര്യങ്ങളെല്ലാം മനസ്സിൽ പ്ലാൻ ചെയ്യാൻ തുടങ്ങി.
അങ്ങനെ കണ്ണ് തുറന്ന് ഓരോന്ന് ആലോചിച്ച് മതി മറന്ന് കിടക്കുമ്പോൾ കാലിൽ ആരോ ആഞ്ഞടിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കിയപ്പോ നിയാസും അമൃതും എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ദിവാൻ കോട്ടിൽ നിന്ന് ചാടി പിടഞ്ഞ് എഴുന്നേറ്റിട്ട് അവരോട് ചോദിച്ചു: “നിങ്ങള് വന്നിട്ട് കുറേ നേരമായോ ഡാ?
“ഞങ്ങള് വന്ന് കേറീപ്പോ മുതൽ നീ കണ്ണും തുറന്ന് പിടിച്ച് എന്തോ ആലോചിച്ച് കിടപ്പായിരുന്നു. നീ തനിയെ എഴുന്നേൽക്കോന്നറിയാനായി ഇത്രേ നേരം വെയ്റ്റ് ചെയ്തതാ നീ എഴുന്നേൽക്കണ ലക്ഷണമൊന്നും കാണാണ്ടായപ്പോൾ തട്ടി വിളിച്ചതാ നിന്നെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.