മനസുകൊണ്ട് തമ്മിലടുത്ത അവരെ പിരിക്കാൻ അച്ചന്റെ മനസ്സനുവദിച്ചില്ല..അദ്ദേഹം അവരുടെ കൂടെ നിന്നു.
പുറത്തിറങ്ങിയാൽ സണ്ണിയെ വെട്ടുമെന്ന് വരെ ചില ബന്ധുക്കൾ ഭീഷണിപ്പെടുത്തി.
അവസാനം സണ്ണിയെ ഒന്ന് കണ്ട് സംസാരിക്കണമെന്ന് മിയയുടെ ഡാഡി തോമസ് പറഞ്ഞതനുസരിച്ച് അച്ചൻ സണ്ണിയെ വിളിപ്പിച്ചു.
അവനെ കണ്ടമാത്രയിൽ തന്നെ തോമസിന് തോന്നിയത്, ഇതിനേക്കാൾ ചേർച്ചയുള്ളൊരു ഭർത്താവിനെ തന്റെ മകൾക്ക് കിട്ടാനില്ലെന്നാണ്. നല്ല ആരോഗ്യവാൻ.. അതിസുന്ദരനും…
അവന് സ്വന്തമായി വീടില്ല, ബന്ധു ബലമില്ല എന്നത് ഒരു കുറവ് തന്നെയാണ്..അതംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എങ്കിലും തന്റെ മകൾക്ക് ഇവൻ യോഗ്യനാണ്.
പിന്നെ പണം ഇഷ്ടം പോലെ തന്റെ കയ്യിലുണ്ടല്ലോ.. അവർ സന്തോഷമായി ജീവിക്കട്ടെ…
തോമസ്, അച്ചനോട് തന്റെ സമ്മതം അറിയിച്ചു. ഇനിയുള്ള കാലം തന്റെ വീട്ടിൽ തന്നെ അവർ ജീവിക്കണം എന്ന് മാത്രമാണ് അയാളാവശ്യപ്പെട്ടത്.പക്ഷേ, അയാളുടെ ബന്ധുക്കൾക്ക് അത് സ്വീകാര്യമായില്ല..സണ്ണിയെ വീട്ടിൽ കയറ്റിയാൽ തോമസിനേയും വെട്ടും എന്നായി ബന്ധുക്കൾ…
പള്ളിമേടയിൽ എടാ പോടാ വിളികൾ മുഴങ്ങി. പള്ളിപ്രസിഡന്റ് വർക്കിച്ചായനും, അച്ചനും ഇടയിൽ കയറി നിന്നത് കൊണ്ട് മാത്രം അടി പൊട്ടിയില്ല..
തന്റെ മകളെ താനിഷ്മുള്ളയാൾക്ക് കെട്ടിച്ച് കൊടുക്കുമെന്നും അത് ചോദ്യം ചെയ്യാൻ ഒരുത്തനും വളർന്നിട്ടില്ലെന്നും തോമസ് വെല്ല് വിളിച്ചു. തന്റമ്മായച്ചന്റെ ധൈര്യത്തിൽ സണ്ണിക്ക് സന്തോഷം തോന്നി. ബന്ധുക്കളാരെങ്കിലും അദ്ദേഹത്തെ തൊട്ടാ അവരുടെ മുക്കിൽ നിന്ന് ചോര വരുത്താൻ തയ്യാറായി മുഷ്ഠിചുരുട്ടി, കരാട്ടയിൽ ബ്ലാക്ബെൽറ്റ്കിട്ടിയ സണ്ണി റെഡിയായി നിന്നു.