“കുട്ടിക്കളി മാറ്റാൻ സമയം ആയിട്ടുണ്ട്… നാളെ നീയൊരു ഭർത്താവാണ്… നിന്നെ വിശ്വസിച്ചു ഇറങ്ങി വരുന്ന പെണ്ണിനെ നിരാശപ്പെടുത്തരുത്.”
“ഇല്ല…”
“ഇനി അങ്ങോട്ട് നിന്റെയുള്ളിൽ അവൾ മാത്രം ആയിരിക്കണം… അവിടെ മറ്റൊരാൾക്കും സ്ഥാനം ഉണ്ടാവരുത്… ഈ എനിക്ക് പോലും…”
“നിന്നെ ഞാൻ എങ്ങനെ മറക്കുമെടി…”
“മറക്കണം എന്ന് പറഞ്ഞില്ലല്ലോ… എനിക്ക് തന്ന സ്നേഹം… തിരികെ തന്നില്ലെങ്കിലും പരാതിയില്ലാതെ ഒരു കുന്നോളം സ്നേഹം തന്നില്ലേ നീയെനിക്ക്… അത് അവൾക്ക് പകർന്ന് കൊടുക്കണം…”
“മ്മ്മ്…”
തല കുനിച്ചു നിൽക്കുന്ന അഫ്സലിന്റെ താടിയിൽ പിടിച്ച് അവന്റെ മുഖം അവൾക്ക് നേരെ പിടിച്ചു. അവന്റെ തോളറ്റം വരെ മാത്രം ഉയരമുള്ള സിനി മുഖം പൊക്കി അഫ്സലിന്റെ കണ്ണുകളിൽ നോക്കി മുഖം രണ്ട് കയ്യിലും കോരി എടുത്തു…
“നീ… നീയെനിക്ക് അത്രയും പ്രിയപെട്ടവൻ ആണെടാ, കൊച്ചൂ… ഒരുപക്ഷെ അഭിയെ കാണുന്നതിന് മുന്നേ നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഒത്തിരി തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…”
സിനിയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ നോക്കിയെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ ചെറിയ വട്ടമുഖം അവന്റെ കൈകളിൽ കോരി എടുത്ത് കണ്ണുനീർ തുള്ളികൾ അവൻ വിരലുകളാൽ ഒപ്പിയെടുത്തു.
“എന്റെ ജീവിതം എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഭാഗ്യമാണെടാ ചെക്കാ നീ… നിന്നെ… നിന്നെയെനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്…”
അവളുടെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് അഫ്സലിന്റെ മിഴികൾ കണ്ണുനീർ പൊടിച്ചു.