കണ്ണുനീർ പൊഴിച്ചുകൊണ്ട് ഇരിക്കുന്ന സിനിയെ കണ്ട് ഉള്ളു നീറിക്കൊണ്ടാണ് അവൻ അവളുടെ വീട് വിട്ട് ഇറങ്ങിയത്… തന്നെ ജീവനെപ്പോലെ കാത്തുസൂക്ഷിച്ച പെണ്ണിനോട് പൊറുക്കാൻ വയ്യാത്ത കൊടും പാപം ചെയ്തെന്നു വിശ്വസിച്ച് അവനാ വീട്ടിൽ കഴിച്ചുകൂട്ടി… അവളോടൊന്ന് മാപ്പിരക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്ന് തോന്നിയിരുന്നു അവനു.
നാലാം നാൾ ജോലിക്കായി ഇറങ്ങിയ സിനി ഓട്ടോയിൽ വന്നിറങ്ങിയത് അഫ്സലിന്റെ വീട്ടുപടിക്കൽ ആയിരുന്നു. നിർത്താതെയുള്ള ബെല്ലടി ശബ്ദം കേട്ട് വാതിൽ തുറന്ന അഫ്സൽ സിനിയുടെ കോപം കൊണ്ട് വിറക്കുന്ന മുഖം കണ്ട് തല കുനിച്ചു.
കണ്ണുകൾ നിറഞ്ഞൊഴുകുന്ന അഫ്സലിനെ തള്ളിമാറ്റിക്കൊണ്ട് അവൾ അകത്തു കടന്നു. ഉള്ളിലേക്ക് കടന്ന് വാതിൽ കൊട്ടിയടച്ചു അവന്റെ മുന്നിലേക്ക് കയറി നിന്ന സിനിയുടെ കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു. വേദനയിൽ പുളഞ്ഞുപോയെങ്കിലും അവനാ വേദന കടിച്ചമർത്തി. കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്ന അഫ്സലിനെ അവൾ ദേഷ്യത്തോടെ നോക്കി.
“എവിടായിരുന്നെടാ പട്ടീ നീ? നിനക്ക് ഞാൻ വിളിച്ചാൽ ഫോൺ എടുത്തൂടെ?”
“മുഖത്തേക്ക് നോക്കെടാ… എന്നോട് മിണ്ടാതിരിക്കാൻ മാത്രം നിന്നോട് ഞാൻ എന്ത് തെറ്റാടാ ചെയ്തേ? അതോ ഒറ്റ രാത്രി കൊണ്ട് നിനക്കും എന്നെ മടുത്തോ?”
അവന്റെ ഇരുകവിളിലും മാറി മാറി അടിച്ചുകൊണ്ട് സിനി അലറി…
അവളുടെ നേരെ മുഖം പൊക്കിയ അഫ്സലിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് സിനിയുടെ ഹൃദയം പിടഞ്ഞു… ഉള്ളു പിടയുന്ന വേദനയോടെ അവൾ അവന്റെ കവിളുകളിൽ കൈകൾ ചേർത്തു വച്ചു…