അഫ്സലിന്റെ വീട്ടുകാരും അവന്റെ കുടുംബക്കാരുമായി ഇഷ പെട്ടെന്ന് തന്നെ ഇണങ്ങി. വീട്ടിൽ അസ്മായും അലിയും അവളെ സ്വന്തം മകളെ പോലെ തന്നെ കൊണ്ട് നടന്നു. അവർ നാല് പേര് മാത്രമുള്ള ആ വീട്ടിൽ അവളൊരു ചിത്രശലഭം കണക്കെ പാറി പറന്നു നടന്നു. എന്തിനും ഏതിനും അവൾ അലിക്കും അസ്മാക്കും ഒപ്പം നിന്നു.
ഇശയുമൊത്തുള്ള ജീവിതം അഫ്സൽ നന്നായി ആസ്വദിച്ചു. ഇടക്ക് ഒരു ദിവസം അവൻ ഇശയുമായി സിനിയെ കാണാൻ പോയി. അവരെയും കാത്ത് പാർക്കിലെ ബെഞ്ചിൽ ഇരിക്കുന്ന സിനിയുടെ അടുത്തേക്ക് നടന്നു വരുന്ന അഫ്സലിനെയും ഇഷയെയും കണ്ട് അവളുടെ മുഖം സന്തോഷത്താൽ വിടർന്നു…
“മാലാഖകുട്ടി…”
ഇഷയുടെ കവിളിൽ തലോടിക്കൊണ്ട് സിനിയത് പറഞ്ഞപ്പോൾ അവളുടെ മുഖതേക്ക് നാണം ഇരച്ചു കയറി…
“സുന്ദരി… വെറുതെ അല്ല എന്റെ ഇക്ക വീണുപോയത്…”
ഇഷയും തിരിച്ചടിച്ചു… വളരെ പെട്ടെന്ന് തന്നെ അവൾ സിനിയുമായി ഇണങ്ങി… ഇഷയുടെ പ്രിയ കൂട്ടുകാരിയായി മാറാൻ സിനിക്ക് അധികം സമയം വേണ്ടി വന്നില്ല… എല്ലാം കണ്ടു നിന്ന അഫ്സലിന്റെയുള്ളിൽ സന്തോഷം നിറഞ്ഞു. ഒരു ദിവസം മുഴുവൻ സിനിയുമായി ചിലവഴിച്ച ശേഷമാണ് അവൾ വീട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചത്…
“എന്റിക്കാന്റെ കൂട്ടുകാരിയല്ലേ… അപ്പോ എന്റെയും കൂട്ടുകാരി ആയിക്കൂടെ?”
സിനിയുടെ കരങ്ങൾ കവർന്നുകൊണ്ടുള്ള ഇഷയുടെ ചോദ്യം സിനിയുടെ ഉള്ളിൽ കുളിർമഴ പെയ്യിച്ചു…
“രണ്ട് പേർക്കും ഒപ്പം ഞാനുണ്ടാവും…”
സിനി അവൾക്ക് വാക്ക് കൊടുത്തു…