“പത്തു മണി കഴിഞ്ഞു, കേട്ടോ.” ഡാലിയ സമയത്തെ കുറിച്ച് എന്നെ ബോധവാനാക്കി. “ചേട്ടൻ വേഗം ഫ്രെഷായി വന്നേ. ബ്രേക്ക്ഫാസ്റ്റ് ഞാൻ എടുത്തു വയ്ക്കാം.”
“ബ്രേക്ക്ഫാസ്റ്റ് ഒന്നും വേണ്ട. അത് കുഴിച്ചാല്‍ പിന്നേ ഓണ സദ്യ ഞാൻ എങ്ങനെ കഴിക്കും.”
“എന്നാ വേഗം ഫ്രെഷായി വന്നേ. താഴെ ഓരോരുത്തരും നൂറുവട്ടമെങ്കിലും ചേട്ടനെ അന്വേഷിച്ചു കഴിഞ്ഞു.” അതും പറഞ്ഞ് അവൾ പോയി.
ഞാൻ കുളിച്ച് റെഡിയായി താഴെ ചെന്നു. കുട്ടികൾ ഓടി നടന്ന് അവരുടേതായ എന്തോ കളികൾ കഴിക്കുകയായിരുന്നു. എന്നെ കണ്ടതും അവർ ഓടിവന്ന് ചിരിച്ചുകൊണ്ട് എന്നെ വട്ടം ചുറ്റി കളിച്ചു. എന്നിട്ട് ഓടിക്കളഞ്ഞു. അല്‍പ്പനേരം അവരുടെ കളിയും കുസൃതികളും കണ്ടു നിന്നിട്ട് ഞാൻ കിച്ചനിൽ കേറി ചെന്നു.
കിച്ചണിൽ എല്ലാവരും ജോലി തിരക്കില്‍ ആയിരുന്നു. അങ്കിള്‍ മാത്രം ഓരോ തേങ്ങയും എടുത്ത്, അകത്ത് ബോംബ് ഉള്ളത് പോലെ, സംശയത്തോടെ കുലുക്കി നോക്കുന്നത് കണ്ടതും ചിരി വന്നു.
“ഹായ് ബ്രോ…” മസിലും പിടിച്ച് മത്തങ്ങ അരിഞ്ഞു കൊണ്ടിരുന്ന അഭിനവ് എനിക്ക് ഇളിച്ചു കാണിച്ചു.
“ഹാ, ആരാ ഇത്.” വല്യമ്മ കണ്ണുരുട്ടി. “നോക്കി നില്‍ക്കാതെ വന്ന് സഹായിക്കടാ കള്ളാ.” വാത്സല്യപൂർവം പറഞ്ഞിട്ട് വല്യമ്മ ജോലി തുടർന്നു.
എല്ലാ മുഖങ്ങളും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും അവര്‍ക്ക് പുഞ്ചിരി തൂകി.
അന്നേരം ഷാഹിദ എന്റെ നേര്‍ക്ക് കൈ വീശി എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചിരിയടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവള്‍ കണ്ണുകൾ കൊണ്ട് അങ്കിള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് കാട്ടി.