ഉടനെ ഉള്ളില്‍ കടന്നുകൂടിയ കനത്ത ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ എന്റെ കസേരയില്‍ ഞാൻ കണ്ണുമടച്ച് ചാരി കിടന്നു.
***************
എന്റെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അച്ഛൻ തമിഴും അമ്മ മലയാളിയും. അമ്മയും അച്ഛനും ഊട്ടിയിലുള്ള ഒരു എഞ്ചിനിയറിങ് കോളേജില്‍ പഠിക്കുന്ന സമയത്താണ് പ്രണയത്തിലായത്. രണ്ട് പക്ഷത്ത് നിന്നുള്ള അനുഗ്രഹത്തോടെ തന്നെയായിരുന്നു അവരുടെ വിവാഹം.
അവര്‍ക്ക് അഞ്ച് വര്‍ഷം കുട്ടികൾ ഒന്നും ഉണ്ടായില്ല. ആറാമത്തെ വര്‍ഷമാണ് അമ്മ ഗർഭം ധരിച്ചത്. പക്ഷേ എനിക്ക് ജന്മം നല്‍കുന്നതിനിടെ എന്റെ അമ്മ മരിച്ചൂ.
നവജാത ശിശുവായ എന്നെ നോക്കാനും വളര്‍ത്താനും അച്ഛന് അറിയില്ലായിരുന്നു. ഏക മകനായിരുന്ന എന്റെ അച്ഛന്റെ പക്ഷത്ത് നിന്നും എന്നെ വളര്‍ത്താൻ ആരും ഇല്ലായിരുന്നു. അച്ഛന്റെ അമ്മയും അച്ഛനും പോലും നേരത്തെ മരിച്ചു പോയിരുന്നു.
എന്റെ അമ്മയ്ക്ക് ഒരു ചേച്ചി ഉണ്ട്. അവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് എന്റെ വല്യമ്മയും അവരുടെ ഭർത്താവും എന്റെ അച്ഛനോട് എന്നെ അവര്‍ക്ക് കൊടുക്കാന്‍ യാചിച്ചു.
ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് അച്ഛന് അറിയില്ലായിരുന്നു. ഒടുവില്‍ എന്റെ നന്മയെ കുരുതി അച്ഛൻ എന്നെ അവര്‍ക്ക് കൊടുത്തു. അങ്ങനെ എന്റെ വല്യമ്മ, സൂസന്‍, എന്റെ സ്വന്തം അമ്മയായി മാറി. അവരുടെ ഭർത്താവ് എഡ്വിന്‍, എന്റെ വല്യച്ചൻ, എന്റെ സ്വന്തം അച്ഛനുമായി. അങ്ങനെയാണ് ഞാൻ കേരളത്തില്‍ വളര്‍ന്നത്.