ഇപ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.
“നാൻ ഉള്ള വരട്ടുമാ അണ്ണാ? ” പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.
“കേറി വാടാ തമ്പി.” ഞാൻ ക്ഷണിച്ചതും അവന്‍ അകത്തു വന്ന് എനിക്കെതിരേയുള്ള കസേരയിലിരുന്നു.
ഞാൻ പല മേഖലകളിലും പല ബിസിനസ്സ് ചെയ്യുന്നു. അതിൽ ഒന്നാണ്, ടൂറിസ്റ്റുകൾക്ക് കാര്‍ റെന്റ് ചെയ്യുന്ന ബിസിനസ്സ്. അരുളിനെ അവിടെയാണ് കാര്‍ റെന്റ് സൂപ്പർവൈസർ ആയിട്ട് നിയമിച്ചിരിക്കുന്നത്. അവനും അല്ലിക്കും താമസിക്കാന്‍ എന്റെ ഒരു കോട്ടേജും ഞാൻ കൊടുത്തിട്ടുണ്ട്. അല്ലി പഠിക്കുകയാണ്, ഡിഗ്രിക്ക്.
അല്ലിയും അരുളും എന്നെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
ഇപ്പൊ അവന്റെ ഇരുപ്പ് കണ്ടിട്ട് എന്നെ ഉപദേശിക്കാൻ വന്നത് പോലെ തോന്നി.
“എന്താടാ പ്രശ്നം?” ഞാൻ ചോദിച്ചു.
“പ്രശ്നം ഒണ്ണുമില്ല. ഓണം കൊണ്ടാട നീങ്ക ഊരുക്ക് പോകലയാ?” അരുള്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്.
അവന്റെ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. ദുഃഖവും വേദനയും ഉള്ളില്‍ പെട്ടന്ന് നിറഞ്ഞു കൂടി.
“ഡെയ്സി അക്കാ മരിച്ചിട്ട് ഇപ്പൊ മൂന്ന് കൊല്ലം കഴിഞ്ഞില്ലേ. ഉങ്കളുക്ക് വെറും 29 വയസ് താന ആച്ച്. വാഴ്ക്കയ വേസ്റ്റ് പണ്ണാമ വേറ കല്യാണം കഴിക്ക്, അണ്ണാ.” അവന്‍ മടിച്ചു മടിച്ചാണെങ്കിലും എന്നെ ഉപദേശിച്ചു.
ഞാൻ അവനെ ചീറി നോക്കിയതും ചുമല്‍ കൂച്ചി കാണിച്ചിട്ട് അവന്‍ വേഗം എഴുന്നേറ്റു മുങ്ങി.