എന്നും ഒത്തിരി മെസേജ് എനിക്ക് അയക്കുന്ന ഡാലിയ ഇക്കാര്യം മാത്രം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?
പെട്ടന്ന് എന്റെ കണ്ണുകൾ കുറുകി. കമ്പനിയില്‍ വല്ലവനും ഡാലിയയെ ഉപദ്രവിക്കാൻ ശ്രമിച്ചു കാണുമോ? അങ്ങനെ വല്ലതുമാണെങ്കിൽ അവന്റെ കാല്‍ ഞാൻ തല്ലിയൊടിക്കും.
“നിന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ?” എന്റെ കണ്ണുകൾക്ക് കാഠിന്യമേറി. “ജോലി ഉപേക്ഷിക്കാന്‍ ശരിക്കുള്ള കാരണം എന്താ?”
“അതൊന്നും ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. ആ ജോലി ഇനി വേണ്ട പോലും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോടെങ്കിലും പറയണ്ടേ. ഇപ്പൊഴൊക്കെ ഒരു കാര്യവും ഇവള്‍ എന്നോട് പറയാറില്ല.” ആന്റി അവളെ തുറിച്ചു നോക്കി. “നീയെങ്കിലും ഇവളോട് കാര്യം ചോദിക്ക്, മോനേ.. ഇവളെയൊന്ന് ഉപദേശിക്ക്.”
ഞാൻ ഡാലിയയുടെ മുഖഭാവം നോക്കി പഠിച്ചു. ഞാൻ അവളുടെ മുഖത്ത് സൂക്ഷ്മമായി നോക്കുന്നത് കണ്ട് ഡാലിയയുടെ കണ്ണുകൾ വിടര്‍ന്നു. കുഞ്ഞ് നാണവും മുഖത്തുണ്ടായി. അവള്‍ പുഞ്ചിരിച്ചു.
“അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല ചേട്ടാ. എനിക്ക് അവിടെ പിടിക്കില്ല. എന്തോ മനസ്സ് അവിടെ ഇണങ്ങുന്നില്ല. അതുകൊണ്ടാ അവിടെ വേണ്ടെന്ന് വച്ചത്.” ഡാലിയ എന്നോട് പറഞ്ഞു.
“മനസ്സിന് ഇണങ്ങാൻ കഴിയാത്ത സ്ഥലത്തൊന്നും നി ജോലി ചെയ്യേണ്ട.” ഞാനും സമ്മതിച്ചു.
“ഇതിപ്പോ നന്നായി.” ആന്റി ചിരിച്ചു. “ആ കഴുതയെ ഉപദേശിക്കാൻ പറഞ്ഞപ്പോ ഈ കഴുത കൂട്ട് നില്‍ക്കുന്നു.”
ആന്റിയുടെ പറച്ചില്‍ കേട്ട് ഞാൻ ചിരിച്ചു.
“ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമായിരുന്നു.” ഡാലിയ ആന്റിക്ക് കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ചെയറിൽ വന്നിരുന്നു.