“എന്റെ ഡെയ്സിയേക്കാൾ വിലപ്പെട്ട നിധിയെ എനിക്ക് കിട്ടില്ല, വല്യച്ചാ. മറ്റൊരു നിധിയെ അന്വേഷിച്ച് സ്വന്തമാക്കാനും എനിക്ക് താല്പര്യമില്ല.”
വല്യച്ചന്റെ കണ്ണില്‍ നോക്കി ഞാൻ അങ്ങനെ പറഞ്ഞതും ആ മുഖം വാടി. വല്യച്ചൻ ഒന്നും പറയാതെ നിന്നു.
“പക്ഷേ ഇത്രയും മാസം നിങ്ങളില്‍ നിന്നൊക്കെ അകന്നു നിന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. ഇനി അങ്ങനെ സംഭവിക്കില്ല.”
സാവധാനം പുഞ്ചിരിയോടെ പറഞ്ഞിട്ട് തിരിഞ്ഞ് പടി കേറുമ്പോൾ വല്യമ്മ അടുക്കള നടയില്‍ വിഷമിച്ച് നിന്ന് എന്നെയും വല്യച്ചനെയും മാറിമാറി നോക്കുന്നത് കണ്ടു.
എന്റെ റൂമിൽ കേറി ഷവറിന് താഴെ നിൽക്കുമ്പൊ, എപ്പോഴും ഞാനും ഡെയ്സിയും ഷവറിന് താഴെ കെട്ടിപ്പിടിച്ചു നിന്ന് കുളിക്കാറുള്ള കാര്യം ഓര്‍ത്തു പോയി. പിന്നെയും മനസ്സിൽ വേദന നിറഞ്ഞു.
ഡെയ്സി മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് അവള്‍ പറഞ്ഞ കാര്യത്തെ പിന്നെയും ഞാൻ ഓര്‍ത്തു.
“ഞാനും റൂബി ചേട്ടന്റെ അമ്മയെ പോലെ പ്രസവത്തിനിടെ മരിച്ചാല്‍ ചേട്ടൻ ഒരിക്കലും ചേട്ടന്റെ അച്ഛനെ പോലെ മാറരുത്, കേട്ടല്ലോ..!!” എന്റെ മടിയില്‍ എന്നെയും കെട്ടിപിടിച്ച് ഇരിക്കുമ്പോഴാണ് ഡെയ്സി പെട്ടന്ന് അങ്ങനെ പറഞ്ഞത്.
അവളുടെ വാക്കുകൾ ഒരു പ്രഹരമായിട്ടാണ് എന്റെ ഹൃദയത്തിൽ കൊണ്ടത്. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഡെയ്സി വേവലാതിപ്പെട്ട് എന്നെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു. “ഞാൻ ഭയങ്കര സീരിയസായിട്ടാ പറഞ്ഞത്.” അവളുടെ സ്വരം ഇടറിയിരുന്നു.
പ്രസവത്തിനിടയ്ക്ക് അവള്‍ മരിക്കുമെന്ന് ഉള്‍വിളി ലഭിച്ചു കാണും. അതുകൊണ്ടാവാം അവൾ ജീവിച്ചിരുന്ന അവസാനത്തെ ആ ആഴ്ച മുഴുവനും അവളെനിക്ക് ഒരുപാട് ഉപദേശങ്ങള്‍ തന്നത്. ആ അവസാനത്തെ ആഴ്ച്ച എന്റെ ശരീര ഭാഗം പോലെ എന്നോട് പറ്റിച്ചേർന്നാണ് അവള്‍ ജീവിച്ചത്. ആ ഒരു ആഴ്ചയും അവള്‍ ഇരിക്കുന്നത് എന്റെ മടിയില്‍ മാത്രവും, കിടക്കുന്നത് എന്റെ മാറിൽ മാത്രവും ആയിരുന്നു. ഭക്ഷണം പോലും ഞാൻ വാരി കൊടുക്കണമെന്ന് ശാഠ്യം പിടിച്ചിരുന്നു. അവളുടെ എന്ത് ആവശ്യവും സന്തോഷത്തോടെ തന്നെ നിറവേറ്റി ഞാൻ കൊടുത്തിരുന്നു.