“എന്റെ മോളെ, നിനക്ക് എക്സ്പീരിയൻസ് ഉണ്ട്. നിന്റെ ജോലിയെ കുറിച്ച് നിനക്ക് അറിയാമെങ്കില്‍ ഒന്നും പേടിക്കാനില്ല. സ്വയം വിശ്വസിക്ക്, ധൈര്യം താനെ മനസ്സിൽ നിറയും. നി പഠിച്ചതും, നിന്റെ എക്സ്പീരിയൻസും നിന്റെ ബുദ്ധിയും നിന്നെ നയിക്കും.” വല്യച്ചന്റെ വാക്കുകൾ കേട്ട് ഡാലിയയുടെ മുഖം തെളിഞ്ഞു.
“താങ്ക്സ് അങ്കിള്‍.” അവള്‍ വല്യച്ചനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പി. “അങ്കിളിന്റെ വാക്കുകൾ എപ്പോഴും എന്റെ ആത്മവിശ്വസത്തെ വർദ്ധിപ്പിക്കുകയാ ചെയ്തിട്ടുള്ളത്.
രാത്രി ഒന്‍പത് മണിക്ക് എന്റെ വണ്ടിക്കടുത്ത് ഞങ്ങൾ എല്ലാവരും നിന്നു.
“സൂക്ഷിച്ച് വണ്ടി ഓടിക്കണേ, മോനേ.” എന്നെ കെട്ടിപിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ വല്യമ്മ പറഞ്ഞു. എന്നിട്ട് എന്നെ വിട്ടിട്ട് ഡാലിയയെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഉമ്മ കൊടുത്തു.
വല്യച്ചൻ എന്റെ വലത് തോളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു, “ഒരിക്കലും നിന്റെ മനസ്സ് തളരരുത്. ഒരിക്കലും നി തകരരുത്. ഡാലിയ മോളെ നോക്കിക്കോണം. നീ മാത്രമേ ഉള്ളു അവള്‍ക്ക്.”
എന്തോ അര്‍ത്ഥം വച്ച് അവസാനത്തെ വാക്കുകളെ വല്യച്ചൻ ഊന്നി പറഞ്ഞു.
“റൂബി മോനെ, എപ്പോഴും എന്റെ മോൾടെ കൂടെ തന്നെ ഉണ്ടാവാണെ.” അങ്കിള്‍ എന്നോട് പറഞ്ഞു.
“നിങ്ങൾ എപ്പോഴും ഒരുമിച്ച് തന്നെ ഉണ്ടാവണം.” വിവാഹം കഴിഞ്ഞു വന്ന ദമ്പതികളെ അനുഗ്രഹിക്കും പോലെയാണ് ആന്റി ഞങ്ങളോട് പറഞ്ഞത്. “എന്നാ പോയി വരൂ മക്കളെ.”
ഏതോ അജ്ഞാതരുടെ മുന്നില്‍ പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. എല്ലാവരും എന്തോ അര്‍ത്ഥം വച്ച് സംസാരിക്കുന്നത് പോലെ. അവരുടെ വാക്കുകളില്‍ എന്തോ മറഞ്ഞു കിടക്കുന്നത് പോലെ അനുഭവപ്പെട്ടു.