വല്യമ്മയുടെ മുഖം പെട്ടന്ന് തുടുത്തു. “മതി, മതി, രണ്ടും കൂടെ എന്നെ കളിയാക്കണ്ട.” വല്യമ്മ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഭയങ്കര സന്തോഷവും ഉത്സാഹവും നിറയുന്നത് കണ്ടു. “വാടാ മോനെ നമുക്ക് ഡാൻസ് കളിക്കാം. ഇന്ന് കഴിഞ്ഞ് ഇനി എന്നാണാവോ എന്റെ മോന്റെ കൂടെ ഡാൻസ് കളിക്കാന്‍ കഴിയുക.”
*****************
പകല്‍ സമയത്ത് ട്രാഫിക് കൂടുതലായത് കൊണ്ട് എപ്പോഴും രാത്രി സമയങ്ങളില്‍ ദൂര യാത്ര ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. രാത്രി സമയങ്ങളില്‍ അത്യാവശ്യം സ്പീഡിൽ പോകാനും കഴിയും. യാത്ര ദൈര്‍ഘ്യം കുറഞ്ഞു കിട്ടും. എന്റെ ഇഷ്ട്ടം എല്ലാവർക്കും അറിയുകയും ചെയ്യാം.
അടുത്ത ദിവസം വൈകിട്ട് ആറര കഴിഞ്ഞ് ഞാനും വല്യമ്മയും വല്യച്ചനും കൂടി ആന്റിയുടെ വീട്ടിലെത്തി. ഡാലിയ കൂടെ വരുന്നത് കൊണ്ട് അവിടെ നിന്ന് രാത്രി ഒന്‍പത് മണിക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാൻ.
“ഒന്നും മറക്കാതെ എല്ലാം എടുത്തു വച്ചോ, മോളെ?” ഡാലിയയുടെ റൂമിൽ കേറിയതും വല്യമ്മ അവളോട് ചോദിച്ചു.
അങ്കിളും ആന്റിയും അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ട്രാവല്‍ ബാഗില്‍ വേണ്ട സാധനങ്ങൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു മൂന്ന് പേരും.
“ഒന്നും മറന്നിട്ടില്ല, ആന്റി.” ഡാലിയ പറഞ്ഞിട്ട് എന്നെ നോക്കി ടെൻഷൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
“ഇപ്പഴേ ടെൻഷനിൽ ആണല്ലോ?” വല്യച്ചൻ അടുത്തുചെന്ന് അവളുടെ തലയില്‍ സ്നേഹത്തോടെ തൊട്ടു.
“മറ്റന്നാൾ ഉച്ചയ്ക്കാണ് ഇന്റര്‍വ്യൂ. അവിടത്തെ ഇന്റര്‍വ്യൂ ഭയങ്കര ടഫ് ആണെന്നാ കേട്ടത്.” അവൾ ടെൻഷനടിച്ചു.