വല്യമ്മയുടെ വീട്ടീന്ന് നാല് വീട് മാറിയാണ് ഡെയ്സിയുടെ വീട്. എന്റെ വല്യമ്മയും സോഫിയ ആന്റിയും (ഡെയ്സിയുടെ അമ്മ) അവരുടെ കുട്ടിക്കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. പണ്ടേ അവരുടെ ആ സൗഹൃദം അവരുടെ രണ്ട് കുടുംബത്തിനകത്തേക്കും പടർന്നു വളര്‍ന്നിരുന്നു.
വല്യമ്മക്കും വല്യച്ചന്നും സ്വന്തമായി ഞാൻ മാത്രമേയുള്ളു. സോഫിയ ആന്റിക്ക് ഇരട്ടക്കുട്ടികളായ രണ്ട് പെൺകുട്ടികൾ ആയിരുന്നു. ഡെയ്സിയും ഡാലിയയും. അവർ എന്നെക്കാൾ മൂന്ന് വയസ്സിന് ഇളയതാണ്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കളിച്ചു വളര്‍ന്നത്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് കരാട്ടേയും കളരിയും മര്‍മ്മ ശാസ്ത്രത്തോടും ഹരമായിരുന്നു. അതുകൊണ്ട് എന്റെ വല്യച്ചൻ അപ്പോഴേ അതൊക്കെ പഠിക്കാനുള്ള സാഹചര്യം എനിക്ക് ഒരുക്കിത്തന്നിരുന്നു. സ്കൂളും, കളരിയും, കരാട്ടേ ക്ലാസും, മര്‍മ്മ ശാസ്ത്ര പഠനവും, കവിത എഴുത്തും കൂടാതെ… വീടിന് പുറകിലത്തെ ഞങ്ങളുടെ പറമ്പില്‍ പല തരത്തിലുള്ള കൃഷി പരീക്ഷണങ്ങൾ നടത്തിയും, ഡാൻസ് ടീച്ചറായ വല്യമ്മയിൽ നിന്ന് ഡാൻസ് പഠിച്ചും, വല്യമ്മയ്ക്കൊപ്പം ഡാൻസ് കളിച്ചും,, അപ്പോഴേ തിരക്കു പിടിച്ച ജീവിതമായിരുന്നു എന്റേത്.
എന്റെ വല്യമ്മയും വല്യച്ചനും ഞാനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. വല്യമ്മ എന്റെ അമ്മയും ചേച്ചിയും അനിയത്തിയും മോളും കൂട്ടുകാരിയും ഒക്കെയാണ്. ചെറിയ പെണ്‍കുട്ടിയെ പോലെ വല്യമ്മ ഉത്സാഹത്തോടെ എന്റെ കൂടെ കൃഷി സ്ഥലങ്ങളില്‍ ഓടി ചാടി വരുന്നത് കാണുമ്പോ എനിക്ക് ചിരിയും, പക്ഷേ അതിലേറെ സന്തോഷവും തോന്നാറുണ്ട്. വല്യമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരി എന്നെ പറയൂ. എന്റെ കൂടെ ഡാൻസ് കളിക്കുന്നത് വല്യമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്കും ഇഷ്ട്ടമാണ്. ഞാൻ വല്യമ്മയുടെ പ്രാണനും, ഡാൻസ് വല്യമ്മയുടെ ശ്വാസവുമാണ്.