ഞാൻ തല കറങ്ങി വീണില്ലെന്നേ ഉള്ളൂ. കുട്ടനോ! ദൈവമേ! പിന്നെ മൂപ്പിലാത്തി പോയതിനു ശേഷം ഉള്ളിലെ കുരുട്ടുബുദ്ധി ഉണർന്നു. ചങ്കുകളുമൊത്ത് സമീപഭാവിയിൽ പ്ലാൻ ചെയ്യാൻ പോണ ഗോവാ ട്രിപ്പിന് അമ്മേടെ ഓക്കെ വാങ്ങാൻ ഇതു സഹായിക്കും.
ഏതായാലും കുളിച്ചു റഡിയായി ഷോർട്ട്സും ടീഷർട്ടുമണിഞ്ഞ് ഒരു കട്ടനുമടിച്ച് (ഹാങ്ങോവറിന് അത്യുത്തമം) ഞാൻ ബൈക്കുമെടുത്ത് ഉഷ എന്ന ശൂർപ്പണഖയുടെ വീട്ടിലേക്കു വിട്ടു.
രണ്ടു നില വീടാണ്. കാണാൻ ഭംഗിയുണ്ട്. ഉള്ളിൽക്കേറി ബൈക്കു പാർക്കു ചെയ്തിട്ട് ബെല്ലടിച്ചു.
ഒരു ടെൻ്റുപോലുള്ള വേഷവുമണിഞ്ഞ് ഉഷ വാതിൽ തുറന്നു. കണ്ണുകൾക്കു താഴെ കറുപ്പ്. മുഖത്തു ക്ഷീണത്തിൻ്റെ വരകൾ… എന്നാൽ എന്നെ അമ്പരപ്പിച്ചത് ആ വീട്ടിനുള്ളിൽ നിന്നുമുയർന്ന ദുർഗന്ധമായിരുന്നു! മുഖത്തൊരടി കിട്ടിയപോലെ!
മധൂ! നീ വന്നല്ലോ! അവളെൻ്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ഞാൻ അവളെ താങ്ങി. അമ്മേ! മുടിഞ്ഞ കനം. മെല്ലെ അകത്തെ സോഫയിൽ കിടത്തി… ചുറ്റിലും നോക്കി.
ആ വലിയ ഹോളു മുഴുവൻ അലങ്കോലപ്പെട്ടു കിടക്കയാണ്. ടിഷ്യൂ, സ്വിഗ്ഗി, സൊമാറ്റോ, കെഎഫ് സി… പിന്നെ അസംഖ്യം പ്ലാസ്റ്റിക്ക് കൂടുകൾ…
ഞാനാദ്യം അടുക്കളയിൽ കേറി മൂന്നാലു വലിയ പ്ലാസ്റ്റിക്ക് ഗാർബേജു ബാഗുകൾ സംഘടിപ്പിച്ചു. മൊത്തം വേസ്റ്റ്… സിങ്കിലിട്ടിരുന്ന പേപ്പർ പ്ലേറ്റു സഹിതം എല്ലാം വാരിക്കെട്ടി. വെളിയിലേക്കു നടന്നു. ഗേറ്റിനു വെളിയിൽ നോക്കിയപ്പോൾ ഒരു വലിയ സ്റ്റീലിൻ്റെ തുറന്ന പെട്ടി. ധാരാളം വേസ്റ്റ് ബാഗുകളതിനകത്തുണ്ട്. ഞാനും തന്നാൽ കഴിയും വിധം ആ പെട്ടി നിറച്ചു.