വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

അഞ്ജൂ : “എന്താ റോഷാ മുഖം വല്ലാണ്ടിരിക്കുന്നെ..?”

റോഷൻ : “ഏയ്.. തനിക്ക് തോന്നണതാടോ”

അവൻ കൃത്രിമമായി പുഞ്ചിരിച്ചു. എന്നാൽ അതും അവൻ മനപ്പൂർവ്വം ചെയ്തതാണെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ട ആവശ്യമൊന്നും അഞ്ജുവിനു വേണ്ടായിരുന്നു. ഈ സമയം വിമലും അച്ചുവും അവിടേക്കു കടന്നു വന്നു.

അച്ചു : ആ നീ ഇവിടെ ഇരിക്കായിരുന്നോ..?

വിമൽ : എണീറ്റ് വാടാ … നമക്ക് രണ്ടെണ്ണം അടിക്കാം.

“ആ..രണ്ടെണ്ണം അടിക്കേണ്ട ആവശ്യമുണ്ട്”, റോഷൻ ആരോടെന്നില്ലാതെ പറഞ്ഞു. പറച്ചില് കേട്ട് അഞ്ജു ഒരിക്കൽ കൂടി അവനെ സംശയത്തിൽ നോക്കി.

അച്ചു : ” എന്നാ നോക്കി നിക്കാതെ നടക്കെടാ.. ഇപ്പഴേ സമയം വൈകി.”

“അധികം ഓവറക്കേണ്ടട്ടൊ..” അച്ചുവിന്റെ ധൃതിപ്പിടിപ്പിക്കലിനു ഒപ്പം നടക്കുന്ന വിമലിനോടായി അഞ്ജു വിളിച്ചു പറഞ്ഞു.

അവർക്കൊപ്പം നടന്നു നീങ്ങിയ റോഷൻ പെട്ടന്ന് എന്തോ ഓർത്ത്‌ തിരികെ അഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു വന്നു. ശേഷം അവൾക്ക് നേരെ സ്കൂട്ടറിന്റെ താക്കോൽ നീട്ടി. പുഞ്ചിരിച്ചുകൊണ്ടു അവളത് കൈപ്പറ്റി. റോഷനാവട്ടെ കൂടുതൽ ഒന്നും പറയാൻ നിക്കാതെ കൂട്ടുകാരുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

അഞ്ജു: “റോഷാ…”

അഞ്ജുവിന്റെ വിളി കേട്ടു, എന്താ എന്ന മട്ടിൽ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു. റോഷനെ ഒന്നു ആകെ മൊത്തത്തിൽ നോക്കുന്ന അഞ്ജു. അധികനേരം തനിക്കു നേരെ റോഷന് ഐ കോൺടാക്ട് നൽകാൻ സാധിക്കുന്നില്ല എന്നത് അവൾ ശ്രദ്ധിച്ചു. അവന്റെ മനസ്സിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്നും അവൾക്ക് മനസ്സിലായി.

അഞ്ജു: “ഒന്നുമില്ല”

റോഷൻ അഞ്ജുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. ഒന്നും പറയാതെ തന്നെ ഇരുവർക്കും പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നത് പോലെ. റോഷൻ തിരിഞ്ഞു നടന്നു. നടന്ന് നീങ്ങുന്ന റോഷനെ അഞ്ജൂ ആലോചനയോടെ നോക്കിനിന്നു. *** *** *** *** ***

ഇരുൾ വീണു തുടങ്ങിയതും, പാടത്തിനോട് ചേർന്നുള്ള മാവിൻ ചുവട്ടിൽ വെള്ളംകളി തുടങ്ങി. രണ്ടെണ്ണം ഉള്ളിൽ ചെന്നതും അച്ചു പഴയ മോഹൻലാലിന്റെ അടിച്ചുപൊളി പാട്ടുകൾ പാടാൻ തുടങ്ങി. അടിച്ചു കഴിഞ്ഞാൽ പിന്നെ ഇതാണ് അവന്റെ വൈബ്; പാട്ട് പാടി വെറുപ്പിക്കും. അവന്റെ ഉറക്കെയുള്ള ആലാപനം കേട്ടു കുറച്ചപ്പുറം കിലുക്കികുത്ത് കളിക്കുന്ന ടീമുകളിൽ ചിലർ അച്ചുവിനൊപ്പം ജോയിൻ ചെയ്തു. പറഞ്ഞു വന്നപ്പോൾ അവരിൽ പലരേയും റോഷന് ഓർമ്മയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *