കണ്ണും നിറച്ചു നിന്ന പെണ്ണിന്റെ ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി.
“ഇളിക്കാതെ പറയെടി മാക്രി…”
ഞാൻ വീണ്ടും പറഞ്ഞപ്പോൾ പെണ്ണൊന്നു ഇളകി ചിരിച്ചു.
“സാരിയിൽ എല്ലാ പെണ്ണുങ്ങളും ഭംഗിയാവും പക്ഷെ എന്നെ കണ്ടാൽ സാരി എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നു തോന്നുമെന്ന്…”
അവളുടെ മുഖത്തെ നാണം കണ്ടപ്പോൾ ഒരു കടി കൊടുക്കാൻ തോന്നിപ്പോയി.
“എന്റെ ബെസ്റ്റ് ഫ്രണ്ടെ നിനക്ക് സാരി ചേരുന്നതുപോലെ വേറൊന്നും ചേരില്ല…ഇനി ഇതും ചോദിച്ചു കണ്ണും നിറപ്പിച്ചു ഇരിക്കരുത് കേട്ടോ…”
ഞാൻ പറഞ്ഞതും പെണ്ണ് കണ്ണിറുക്കി നിന്നു പിന്നെ പയ്യെ കണ്ണു തുറന്നു.
“എങ്കി ജീവിതകാലം മുഴുവൻ ഞാൻ എന്നും സാരി ഉടുത്തുവന്നു നിന്നോട് എന്നും ഇതു തന്നെ ചോദിച്ചാലോ…”
അവൾ പെട്ടെന്ന് ചോദിച്ചതുകേട്ടു എന്താണെന്ന് മനസ്സിലാവാതെ പൊട്ടൻ കടിച്ച പോലെയുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളൊന്നു തലക്കടിച്ചു.
“ഇങ്ങനെയൊരു പൊട്ടൻ….ഡാ…ഞാൻ നിന്റെ ആരാ….”
അവൾ എന്നെ ബെഞ്ചിൽ ഇരുത്തി ഡെസ്ക്കിൽ ചാരി നിന്നു ചോദിച്ചു.
“നീ എന്റെ ബെസ്റ്റ് ഫ്രണ്ട്…എനിക്ക് എന്തു വിഷമവും സന്തോഷവും എന്തും തുറന്നു പറയാവുന്ന എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയ അങ്കി…”
“നമ്മൾ തമ്മിൽ കൂട്ടായിട്ടു ഇപ്പൊ എത്ര നാളായി…?”
അവൾ അടുത്ത ചോദ്യം നീട്ടി.
“1st ഇയർ പകുതി ആയപ്പോ ഇടിച്ചു കയറി എന്നോട് കൂട്ടുപിടിച്ചതല്ലേ നീ ഇപ്പൊ 3ർഡ് ഇയർ ഒരു കാൽ ഭാഗമായി…എന്തേ…”
“അന്ന് തൊട്ടു സെക്കന്റ് ഇയറിൽ എൻ എസ് എസ് ന്റെ ക്യാമ്പിൽ പോലും നിന്റെ ഗ്രൂപ്പിൽ തന്നെ വലിഞ്ഞു കയറി, ക്ലാസ്സിലും പുറത്തും നീ എവിടെ പോയാലും നിന്നെ തനിച്ചു വിടാതെ ഞാൻ കൂടെ ഉണ്ടായിട്ടില്ലേ…നിന്റെ എല്ലാ കുരുത്തക്കേടും സഹിച്ചു…”
അവൾ പറഞ്ഞു എന്നെ നോക്കി.
“അതിപ്പോ നിന്റെ സകല തോന്ന്യാസോം ഞാനും സഹിക്കുന്നില്ലേ…”
“ഓഹ് ശെരിയെടാ പൊട്ടാ……
ഇന്നലെ 1സ്റ് ഇയറിലെ ശ്രുതിയും
ഇംഗ്ലീഷിലെ അലീഷയും എന്നോട് വന്നു പറഞ്ഞു അവർക്ക് നിന്നെ മുടിഞ്ഞ ഇഷ്ടമാണെന്ന്, ഞാൻ ഒന്ന് പറഞ്ഞു ശെരിയാക്കി കൊടുക്കാമോ എന്നു, ഇതും കൂടി ഇപ്പൊ ആറാമത്തെ പ്രപ്പോസലാണ് എന്റെ അടുത്തു നിന്നോട് പറയണം എന്ന് പറഞ്ഞു വരുന്നത്…ഞാൻ എന്ത് പറയണം…”,