ശ്യാമിന് അത് ഇഷ്ടപ്പെട്ടില്ല, പൊട്ടിപ്പൊളിഞ്ഞ കെട്ടിടം, ഇവിടെ മറ്റാര് വരാനാണ്? തന്നെയുമല്ല പീറ്റർ പറഞ്ഞിട്ടും ഈ സാധനത്തിന് എന്താ പീറ്ററിനേക്കാൾ വലിയ ഉത്തരവാധിത്ത്വം. എങ്കിലും ശ്യാം വെയ്റ്റ് ചെയ്തു.
മഹിളാമണിയുടെ നടപടികളും ചലനങ്ങളും ഫോണിലുള്ള സംസാരവും ശ്യാമിനെ തീരെ വിലവയ്ക്കാത്ത സംസാര രീതിയും ഒന്നും അവനിഷ്ടപ്പെട്ടില്ല.
എങ്കിലും ഉടക്കാൻ കഴിയില്ലാത്തതിനാൽ ഉടക്കിയില്ല.
ആ ദിവസം ചില വാഷ് ബേസിനുകൾ അഴിക്കാൻ ശ്യാം പ്ലാനിട്ടിരുന്നു. എന്നാൽ പൈപ്പ് റേഞ്ചും മറ്റും അന്വേഷിച്ചിട്ട് കിട്ടാഞ്ഞതിനാൽ അത് അടുത്ത ദിവസത്തേയ്ക്ക് മാറ്റി.
ഭിത്തിയിൽ തൂക്കിയിരുന്ന ചില വലിയ ചിത്രങ്ങളും മറ്റും അഴിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്തു. അതിനിടയിൽ പരുഷമായി തന്നെ ഗൗരിയോട് പേരും മറ്റും ചോദിച്ച് മനസിലാക്കി, അല്ലാതെ ഒന്നിച്ച് പല ദിവസങ്ങൾ ജോലിയെടുക്കാൻ ആകില്ലല്ലോ?!
ഈ വിവരങ്ങളെല്ലാം വൈകിട്ട് പീറ്ററിനെ ശ്യാം ഫോൺ ചെയ്ത് അറിയിക്കുകയും ചെയ്തു. താൻ ഗൗരിയോട് പറഞ്ഞോളാം എന്ന് പീറ്റർ സമ്മതിച്ചു.
നാശം, പുത്തരിയിൽ കല്ലു കടിച്ചല്ലോ എന്ന് വിചാരിച്ചാണ് പിറ്റേന്ന് ശ്യാം കടയിലെത്തിയത്. ഗൗരിയെ കാണുന്നതേ ശ്യാമിന് അരിശമായിരുന്നു. എന്നാൽ അന്ന് ഗൗരിയുടെ രീതികൾക്ക് മാറ്റം വന്നു.
ശ്യാം പീറ്ററിനോട് പഴിപറഞ്ഞു എന്നതും ശ്യാമും പീറ്ററും മുതലാളി തൊഴിലാളി ബന്ധത്തിലും ആഴത്തിൽ അടുപ്പം ഉണ്ട് എന്ന തോന്നലും ആയിരിക്കാം അതിന് കാരണം.
ശ്യാമിന് അങ്ങനൊരു അടുപ്പം സത്യത്തിൽ പീറ്ററുമായിട്ടില്ലായിരുന്നു. എന്നാൽ പീറ്ററിന് വേണ്ടപ്പെട്ട ഒരാൾ ശ്യാമിന്റെ ബന്ധുവായിരുന്നു, അതിനാൽ പീറ്റർ ശ്യാമിനെ ഒരു പണിക്കാരൻ എന്ന രീതിയിൽ കാണാറില്ലായിരുന്നു.
പീറ്റർ ഫോൺ ചെയ്ത് ഗൗരിയോട് കാര്യങ്ങൾ സൂചിപ്പിച്ചിരിക്കാം എന്ന് ശ്യാമിന് മനസിലായി. അതാണ് പെണ്ണ് കുറച്ച് ഒതുങ്ങിയത്!! ശ്യാം മനസിലോർത്തു.
ഉച്ചസമയമായപ്പോഴേക്കും ശ്യാം ഗൗരിയുമായി നന്നായി അടുത്തു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് ശ്യാം ഗൗരിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ഗൗരി പറയുന്ന കഥ മറ്റൊന്നാണ്.
അത് ഏതാണ്ട് ഇപ്രകാരമാണ്, പീറ്ററിന് അതിസുന്ദരിയായ ഭാര്യ ഉണ്ടെങ്കിലും കാണുന്ന എല്ലാ പെണ്ണുങ്ങളുമായി ബന്ധമാണ്. അവളുമാരെ എല്ലാം താമസിപ്പിക്കാൻ വേണ്ടിയും സുഖിക്കാൻ വേണ്ടിയുമാണ് പലയിടത്തും സ്ഥലങ്ങളും വീടുകളും വാങ്ങി ഇട്ടിരിക്കുന്നത്.