“വസുന്ധര അന്തർജനം“
Vasundhara Antharjanam | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ്- 5]
എന്റെ സംഘത്തിൽ ഞാനും അനീഷും ജോൺസണും ആണ് മൂന്ന് കിലോമീറ്ററോളം നടന്ന് വീടുകൾ കയറി ഇറങ്ങിയപ്പോൾ ഒരു കൂപ്പൺ ബുക്ക് തീർന്നു!
ബാക്കി രണ്ട് ബുക്കുകൾ കൂടി വിൽക്കണം!
“നടന്നു നടന്നു ഇടപാടു തീർന്നു വിശന്നിട്ടും വയ്യ! ദേ.. ഈ കാടങ്ങു കയറിയിറങ്ങിയാ ആറ് കടന്ന് ചെല്ലുന്നത് അടുത്ത പഞ്ചായത്താ അങ്കിളിന്റെ വീട് അവിടുണ്ട് നമുക്ക് വല്ലതും കഴിക്കുകയും ചെയ്യാം അങ്കിളിന്റെ മോനേം കൂട്ടി ആ ഭാഗത്ത് പിരിച്ചു ഒരു ബുക്ക് തീർക്കുകയും ചെയ്യാം!”
ജോൺസൺ പറഞ്ഞപ്പോൾ തളർന്ന ഞങ്ങളും അത് അംഗീകരിച്ചു…
രണ്ടു കിലോമീറ്ററോളം ഫോറസ്റ്റ് ഏരിയായിലൂടെ നടന്ന് വേണം ആറ്റുതീരത്ത് എത്താൻ….
ഞങ്ങൾ കാട്ടിലേക്ക് കയറി….
ആന ഒക്കെ ചിലപ്പോൾ വന്നു പോകും എന്നല്ലാതെ മൃഗങ്ങളുടെ ശല്യം ഒന്നും ആ ഭാഗത്ത് അങ്ങനില്ല കാട്ടുപന്നി രാത്രിയിൽ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ട് എന്ന് മാത്രം!
മല കയറി അങ്ങേ ചെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾ കണ്ടു നടപ്പാത എന്ന് പറയാനില്ലാത്ത വിധം കാട് കയറി കിടക്കുന്ന വഴിച്ചാലിൽ നിന്ന് അകത്തോട്ട് നന്നായി തെളിഞ്ഞ ആളു നടപ്പുള്ള ഒരു കൊച്ചുവഴി!
ആ വഴി ചെന്ന് കേറുന്നത് ഓലമേഞ്ഞ ചാണകം മെഴുകിയ വരാന്ത ഒക്കെയുള്ള ഒരു കൊച്ചു വീടിന്റെ മുറ്റത്തോട്ടും!!!
ആ മുറ്റത്ത് നിന്ന് വെള്ള മുണ്ടും റൗക്കയും ഒക്കെ ഉടുത്ത തല മുഴുവൻ നരച്ച ഒരു അമ്മൂമ്മ വിറക് ഒടിച്ചു ചെറുതാക്കുന്നു…..