വസുന്ധര അന്തർജനം [സുനിൽ]

Posted by

“ഹയ്യോ… മടുത്തു! ആ അമ്മച്ചിയോടൽപ്പം വെള്ളം വാങ്ങി കുടിച്ചിട്ട് പോകാം!”

ജോൺസൻ പറഞ്ഞപ്പോൾ ഞങ്ങളും നന്നേ ക്ഷീണിച്ചിരുന്നത് കൊണ്ട് ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ ആ മുറ്റത്തേക്ക് നടന്നു ……

“ഇച്ചിരെ വെള്ളം തരാവോ അമ്മച്ചീ……?”

എന്റെ ചോദ്യം കേട്ട ആ അമ്മച്ചി നെറ്റിയിൽ കൈയ് വച്ച് ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി ഒരു മൺകൂജയും ഒരു സ്റ്റീൽ ഗ്ലാസ്സും കൂടി എടുത്ത് തന്നിട്ട്……

“നീ മൂന്നൂടെ ഇതെവിടെ പോകുവാ… വിശക്കുന്നുണ്ടല്ലേ? കാച്ചിലു പുഴുങ്ങിയതൊണ്ട് അതെടുക്കാം”

വെള്ളം തന്നിട്ട് അകത്തേക്ക് പോയ അമ്മച്ചി ഒരു കളത്തിൽ പുഴുങ്ങി വച്ചിരുന്ന കാച്ചിൽ അതേപടി എടുത്ത് കൊണ്ടു വന്ന് തിണ്ണയിൽ വച്ചിട്ട് ചെറിയ ഒരു പാത്രത്തിൽ കാന്താരി മുളക് ചാലിച്ചതും കൊണ്ടെ തന്നിട്ട് പറഞ്ഞു….

“കഴിച്ചോ… ഞാൻ കഴിച്ചതാ….”

ഞങ്ങൾ അത് കഴിച്ചു… മൂവരുടെയും വയർ നിറഞ്ഞു!

അമ്മച്ചി ഞങ്ങൾക്ക് അപ്പോൾ കട്ടൻകാപ്പി തിളപ്പിച്ച് തന്നു… അതും കുടിച്ചു ഞങ്ങൾ സന്തോഷത്തോടെ ആ അമ്മച്ചിയോട് യാത്രയും പറഞ്ഞു നടന്ന് നീങ്ങി…

ആറ് കടന്ന് അക്കര ചെന്നപ്പോൾ ജോൺസന്റെ അങ്കിളിന്റെ വീട്ടിൽ ആരുമില്ല!

ഓരോരുത്തർക്കും മൂന്നും നാലും ഏക്കർ കൃഷിസ്ഥലം ഉള്ള അവിടെ വീടുകളും ഒരുപാട് അകലത്തിൽ ആണ് അങ്കിളിന്റെ മോൻ ഇല്ലാതെ ജോൺസന് അവിടെ ആരെയും അറിയില്ല താനും!

“എന്നാ പിന്നെ നമുക്ക് നാളെ വരാം!”

ഞാൻ പറഞ്ഞപ്പോൾ അവരും സമ്മതിച്ചു തലയാട്ടി!
ഞങ്ങൾ വന്ന വഴി തന്നെ മടങ്ങി!….

ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കി….

അവിടെ അങ്ങനൊരു വീടുമില്ല അമ്മച്ചിയുമില്ല വഴിയുമില്ല വെറും കാട് മാത്രം!!!!

വഴി ഒട്ട് മാറി പോയിട്ടുമില്ല ആള് നടപ്പില്ലാത്ത ആ വഴിയിൽ ഞങ്ങൾ അങ്ങോട്ട് നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട് താനും!!!

വല്ലാതെ ഭയന്ന് പോയ ഞങ്ങൾ ആ കാട് കയറാതെ തിരിച്ചിറങ്ങി ആറ് കടന്ന് ജോൺസന്റെ അങ്കിളിന്റെ വീടിന്റെ അതിലേ തന്നെ മടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *