“മാഡം എന്തിനു ഭയക്കുന്നു? നമ്മള്‍ തെറ്റ് ചെയ്തവരോ തെറ്റിനെ ന്യായീകരിക്കാന്‍ നോക്കുന്നവരോ അല്ലല്ലോ? ന്യായം നമ്മുടെ ഭാഗത്തുള്ള കാലത്തോളം, നമുക്ക് ഒന്നും സംഭവിക്കില്ല. ഈ ട്രാന്‍സ്ഫര്‍ ഒന്നും എനിക്ക് പുത്തരിയുമല്ല..പക്ഷെ മാഡം പറഞ്ഞത്പോലെ ഉള്ള വിഷമം എനിക്കുമുണ്ട്. എന്റെ ജീവിതത്തില്‍ മാഡത്തെപ്പോലെ ഒരു സുപ്പീരിയര്‍ ഓഫീസറെ എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ തെറി വിളിക്കാത്ത ഏക ഓഫീസര്‍ മാഡം ആണ്..”
ദുഖത്തിനിടയിലും ഇന്ദു അത് കേട്ടു പുഞ്ചിരിച്ചു.
“ശരി പൌലോസ്..വൈകിക്കണ്ട..നിങ്ങള്‍ ചെന്ന് കമ്മീഷണറെ കണ്ടു സംസാരിക്ക്..വാസു പോലീസ് പിടിയിലാകാന്‍ ഒരു കാരണവശാലും അനുവദിക്കരുത്..ഓള്‍ ദ ബെസ്റ്റ്..” അവള്‍ പറഞ്ഞു.
സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് പുറത്തേക്ക് ഇറങ്ങി.
——————————
“എന്ത് തെളിവാണ് വാസുവല്ല കൊലയ്ക്ക് പിന്നിലെന്ന് തെളിയിക്കാന്‍ നിങ്ങളുടെ പക്കലുള്ളത്?” ഒരു സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് ലാഘവത്തോടെ ചാണ്ടി ചോദിച്ചു.
“അവനാണ് അതിന്റെ പിന്നിലെന്നു സാറ് എങ്ങനെ അനുമാനിച്ചു?” പൌലോസ് ഉത്തരം പറയാതെ മറുചോദ്യം ഉന്നയിച്ചു.
“എവിഡന്‍സ്..അതിന്റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ പറഞ്ഞത്..അല്ലാതെ എന്റെ ഊഹാപോഹമല്ല അത്. അവനെ അന്ന് രാത്രി ആ വീടിനു സമീപത്ത് വച്ചു കണ്ട സാക്ഷികളും റാവുത്തരുടെ വീട്ടുകാരും തന്ന മൊഴി എന്റെ പക്കലുണ്ട്..മറ്റു തെളിവുകള്‍ അവന്റെ അറസ്റ്റിനു ശേഷം കണ്ടെത്തും…നിങ്ങള്‍ക്ക് എന്ത് തെളിവാണ് അത് തെറ്റാണ് എന്ന് തെളിയിക്കാന്‍ കൈയില്‍ ഉള്ളത്?”
ചാണ്ടി ഒരു വിജയിയുടെ ചിരിയോടെ ചോദിച്ചു. പൌലോസ് അപകടം മണത്തു. വാസുവിന്റെ അറസ്റ്റ് ആസന്നമായിരിക്കുകയാണ്. താന്‍ തന്റെ തുറുപ്പു പുറത്തെടുക്കാതെ പറ്റില്ല. ഇത്ര പെട്ടെന്ന് അത് ഉപയോഗിക്കേണ്ടി വരും എന്ന് താന്‍ കരുതിയതുമല്ല.
“സര്‍..അന്ന് രാത്രി ഹരീന്ദര്‍ ദ്വിവേദി എന്ന കൊലയാളി റാവുത്തരുടെ വീട്ടില്‍ കയറിയതിന്റെയും നായയെ കൊന്നതിന്റെയും വിഷ്വല്‍സ് എന്റെ കൈയിലുണ്ട്. അത് കണ്ടാല്‍ സാറ് ഇപ്പോള്‍ പറഞ്ഞ എവിഡന്‍സുകള്‍ ശരിയാണ് എന്ന് പറയുമോ?”
പൌലോസിന്റെ വാക്കുകള്‍ ചാണ്ടിയെ ശരിക്കും ഞെട്ടിച്ചു. ആ ഞെട്ടല്‍ പ്രകടമായി മുഖത്ത് പ്രകടമായപ്പോള്‍ അയാള്‍ വേഗം സിഗരറ്റ് തെരുതെരെ വലിച്ചിട്ട് കുറ്റി ആഷ്ട്രേയില്‍ തിരുകി. അയാളുടെ മനസ്സില്‍ കൂട്ടലുകളും ഹരിക്കലുകളും നടക്കുകയാണ് എന്ന് മനസിലാക്കിയ പൌലോസ് മൌനം പാലിച്ചു. ആദ്യമുണ്ടായ ഷോക്കില്‍ നിന്നും മോചിതനായ ചാണ്ടി സമനില നടിച്ച് പൌലോസിനെ നോക്കി.
“നിങ്ങള്‍ സത്യമാണോ പറയുന്നത്? നിങ്ങള്‍ക്കെങ്ങനെ കിട്ടി ആ വിഷ്വല്‍സ്?” ചാണ്ടി സ്വരം പരമാവധി സാധാരണമട്ടിലാക്കി ചോദിച്ചു.
“അതൊക്കെ കിട്ടി..സാറിന് കാണണോ?”
“ഷുവര്‍..ഷോ മി ദാറ്റ്..”