മൃഗം 30 [Master]

Posted by

സ്റ്റാന്‍ലി നിസ്സാരമായി പറഞ്ഞത് കേട്ടു ചാണ്ടി പുച്ഛത്തോടെ അവനെ നോക്കി.
“സ്റ്റാന്‍ലി..വിഡ്ഢിത്തം പറയരുത്. നിങ്ങളുടെ ഭീഷണിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വഴങ്ങിയേക്കും. പക്ഷെ ഇത്രയും ഹോട്ട് ആയ ഒരു സ്റ്റഫ് എല്ലാവരും നിങ്ങളെ ഭയന്ന് വിട്ടുകളയും എന്ന് കരുതല്ലേ..ഇനി ലോക്കല്‍ ചാനലുകാരെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചാലും, അവള്‍ക്ക് പുറത്ത് നിന്നും ഇത് ചെയ്യിക്കാന്‍ പറ്റും. അതൊക്കെ കണക്ക് കൂട്ടുമ്പോള്‍ സംഗതി മൊത്തം എത്തി നില്‍ക്കുന്നത് നിങ്ങള്‍ക്ക് എതിരായാണ് എന്നുള്ളത് മറക്കരുത്..” ചാണ്ടി അവനെ ഓര്‍മ്മിപ്പിച്ചു.
“സാറ് എന്താണ് പറയുന്നത്? ഞങ്ങള്‍ക്ക് എതിരോ? എങ്ങനെ?” അര്‍ജുന്‍ ചോദിച്ചു.
“അര്‍ജ്ജുന്‍..ഞാന്‍ മുംതാസ് കേസിന്റെ വിവരങ്ങളും മറ്റും നിങ്ങള്‍ക്ക് വേണ്ടി കുറെ മനസ്സിലാക്കിയിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞത് പോലെ ആ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള ശ്രമമാണ് ഡോണ നാളിതുവരെ നടത്തിക്കൊണ്ടിരുന്നത്. അവളുടെ ആത്മഹത്യക്ക് പിന്നില്‍ കബീറും നിങ്ങളുമാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തി നിങ്ങള്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങി നല്‍കുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ വിധി പറഞ്ഞ കേസ് ആയതിനാല്‍, അത്ര നിസ്സാരമായി ഇത് വീണ്ടും റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല എന്നവള്‍ക്ക് തന്നെ അറിയാം. പൌലോസിന്റെയും വാസുവിന്റെയും സഹായത്തോടെ അവള്‍ നിങ്ങള്‍ക്കെതിരെ വേണ്ട എല്ലാ തെളിവുകളും സമാഹരിച്ചു കഴിഞ്ഞ ഘട്ടത്തില്‍ ആണ് കബീര്‍ അവരുടെ പിടിയിലാകും എന്ന പേടിയില്‍ നിങ്ങള്‍ അവനെ കൊല്ലിച്ചത്. അവന്റെ മരണം ആത്മഹത്യയല്ല കൊലയാണ് എന്ന് വാര്‍ത്ത വരുമ്പോള്‍, അവനെ കൊല ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉള്ളത് നിങ്ങള്‍ക്കാണ് എന്നവള്‍ക്ക് പുല്ലുപോലെ തെളിയിക്കാന്‍ പറ്റും. അതായത് മുംതാസ് കേസില്‍ ഡോണയ്ക്ക് അനുകൂലമായി എന്ന് പറഞ്ഞാല്‍ വളരെ വളരെ അനുകൂലമായി കബീറിന്റെ മരണം മാറും എന്നര്‍ത്ഥം..”
ചാണ്ടി പറഞ്ഞത് കേട്ടു മൂവരും ഞെട്ടി. അല്‍പനേരത്തേക്ക് അവര്‍ സംസാരിക്കാതെ ആലോചനയില്‍ മുഴുകി.
“ശരിയാണ്..വളരെ ശരിയാണ്. റാവുത്തരുടെ നിര്‍ബന്ധം നമുക്കൊരു പാര ആയി മാറിയിരിക്കുകയാണ്. ആ നശിച്ച നായ ഇടയില്‍ വന്നതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതില്ലായിരുന്നു എങ്കില്‍ ദ്വിവേദി വളരെ പെര്‍ഫക്റ്റ് ആയി നടത്തിയ ആ കൊല ഒരിക്കലും പുറംലോകം അറിയുകയേ ഇല്ലായിരുന്നു..” നിരാശ കലര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *