നിറഞ്ഞ മനസ്സോടെ ആണ് അവര്‍ പിരിഞ്ഞത്. പൌലോസ് അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു ഡോണയെയും കൂട്ടി അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു.
***********************
കബീറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയത് അവന്റെ കബറടക്കം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ്. മരണകാരണം കഴുത്തില്‍ കയറു മുറുകി ശ്വാസം കിട്ടാതെ പോയതാണ് എന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ അവന്റെ മരണം ആത്മഹത്യയാണ് എന്നുള്ള തീരുമാനത്തില്‍ പോലീസ് എത്തി. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ത്തന്നെ കമ്മീഷണര്‍ റാവുത്തരെ വിവരം അറിയിച്ച് അയാളെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. റാവുത്തരുടെ കൂടെ അയാളുടെ മൂന്ന് അനന്തിരവന്മാരും ഉണ്ടായിരുന്നു.
“ഇരിക്ക് റാവുത്തരെ..”
അനന്തിരവന്മാരെ പുറത്ത് നിര്‍ത്തി അയാളെ മാത്രമേ ചാണ്ടി ഉള്ളില്‍ കയറ്റിയുള്ളൂ.
“റിപ്പോര്‍ട്ട് കിട്ടി; മരണം കഴുത്തില്‍ കയറു കുരുങ്ങിത്തന്നെ ആണ്. മറ്റ് യാതൊരു ക്ഷതങ്ങളോ മുറിവുകളോ ദേഹത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എന്നോട് നേരിലും പറഞ്ഞു..അതൊരു ആത്മഹത്യ തന്നെയാണ് റാവുത്തരേ…” ചാണ്ടി സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു.
“ഇല്ല സാറെ..ഞാനത് വിശ്വസിക്കില്ല..ഇതില്‍ ചതി ഉണ്ട്..എന്തോ ദുരൂഹത ഉണ്ട്. എന്റെ മോനെ എനിക്ക് നന്നായി അറിയാം..അവന്‍ ഒരിക്കലും സ്വയം മരിക്കില്ല. ഇത് കൊലയാണ്..വീടിന്റെ കോമ്പൌണ്ടില്‍ കയറി എന്റെ വളര്‍ത്തു നായയെ കൊന്ന ആള് തന്നെയാണ് എന്റെ മോന്റെ കൊലയാളി..അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല..സാറ് ഇത് കൊലക്കേസായി കണ്ട് അന്വേഷിക്കണം.” റാവുത്തര്‍ കടുത്ത ദുഖത്തോടെ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പക്ഷെ റാവുത്തരെ..കൊല ആണ് എങ്കില്‍ അതിന്റെ എന്തെങ്കിലും തെളിവ് ഞങ്ങള്‍ക്ക് കിട്ടണ്ടേ? നിങ്ങളുടെ നായ മരിച്ചത് എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ലല്ലോ..അതിന്റെ മരണകാരണം എങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത കിട്ടിയേനെ” ചാണ്ടി അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.