ഇടയ്ക്ക് ഒരു മിന്നലുണ്ടായി… കനത്ത മിന്നലില്‍ അനു പേടിച്ച് എന്നെ ഇറുകെപ്പുണര്‍ന്നു… അപ്പോഴാണ് ഞങ്ങള്‍ മഴനനഞ്ഞാണ് നില്‍ക്കുന്നത് എന്ന ബോധം അവള്‍ക്ക് വന്നതെന്ന് തോന്നി… പുറകെ ചക്രവാളത്തെ കിടുക്കിക്കൊണ്ട് ഇടിശബ്ദം വന്നു… അനു മുഖമുയര്‍ത്തി എന്റെ കൈയില്‍ പിടിച്ചു വലിച്ചു..
“…വാ ദേവേട്ടാ… നല്ല മിന്നലുണ്ട്…” ഞാന്‍ ചെല്ലാന്‍ കൂട്ടാക്കാതെ മഴയത്ത് കൈകള്‍ വിരിച്ച് നിന്നു…
“…യ്യോ…!! മതി മഴ നനഞ്ഞത്… വല്ല പനീം പിടിക്കൂന്നെ… തന്നേല്ലാ… ഈ വേനല്‍മഴയുടെ കൂടേള്ള മിന്നല്‍ അപകടാ… അപ്പൊ തുറസ്സായ സ്ഥലത്ത് നിക്കരുതെന്നാ.. വാന്നേ..” അവളെന്റെ കൈയില്‍ പിടിച്ചു വലിച്ച് നനഞ്ഞൊട്ടിയ സാരി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച് വേഗത്തില്‍ നടന്നു.. ഇത്രയും നേരം ഇവളിത് ഓര്‍ത്തില്ലല്ലോന്ന് ചിന്തിച്ച് ചിരിച്ചുകൊണ്ട് ഞാനും അവള്‍ക്കൊപ്പം നടന്നു..
പെട്ടന്ന് ഇടിയോടു കൂടി അധികം ശക്തിയിലല്ലാതെ ഒരു മിന്നലുണ്ടായി.. എന്റെ ചിരി മാഞ്ഞു.. ഹോസ്പിറ്റലില്‍ നിന്നും അനുവിനെയും കൂട്ടിയിറങ്ങിയ നിമിഷത്തിലേയ്ക്ക് മനസ്സ് പറന്നു..
നാളെ രാവിലെ സീതേച്ചിയെ ഡിസ്ചാര്‍ജ്ജ് ചെയ്യും.. ഇന്ന് രാത്രി ശ്രീനിധിയും അമ്മയുംകൂടി നിന്നോളാമെന്നും എന്നോടും അനുവിനോടും വീട്ടിലേയ്ക്ക് പൊക്കോളാനും പറഞ്ഞപ്പോള്‍ അതുവരെ അനുവിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മങ്ങിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.. അത് ശ്രീനിധിയും കണ്ടു എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി.. ഇറങ്ങാന്‍ നേരം മറ്റുള്ളവരോട് അനു യാത്ര പറയുന്ന സമയത്ത് എന്റെ അടുത്ത് വന്ന ശ്രീനിധി പറഞ്ഞ കാര്യങ്ങള്‍ എന്റെ മനസ്സില്‍ അലയടിച്ചു..
“…ദേവേട്ടാ.. അനു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയാ… ദേവേട്ടനോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്നപോലെ എനിക്ക് തോന്നി… അവളെന്തോ മനസ്സില്‍ കണ്ടിട്ടുണ്ട്.. എല്ലാ പ്രശ്നങ്ങളും അവസാനിച്ച് ദേവേട്ടന്റെ ജീവിതം വീട്ടുകാര്‍ ആഗ്രഹിക്കുന്നപോലെ ആവാന്‍ അവള്‍ സ്വയം ഒഴിഞ്ഞു തരാന്‍ തീരുമാനിച്ചപോലെ.. സൂക്ഷിക്കണം ദേവേട്ടാ.. ഒരു നിമിഷം പോലും അവളെ തനിച്ചാക്കരുത്…”
ആ വാക്കുകള്‍ എന്റെ കാതില്‍ പല തവണ മുഴങ്ങി… മനസ്സ് ആളിക്കത്തുന്നു.. കാലുകളുടെ വേഗം കുറഞ്ഞു… അടുത്ത നിമിഷം എന്റെ മനസ്സ് വയനാട്ടിലെ കോട്ടേജിനു മുന്നിലെ തണുപ്പിലേയ്ക്ക് പാഞ്ഞു… അനു അവളുടെ പ്രണയം വെളിപ്പെടുത്തിയ നിമിഷത്തിലേയ്ക്ക്…