“…ഇനിയെന്ത് ചടങ്ങാ ഉള്ളത്..??” എന്റെ ശബ്ദം എനിക്ക്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം നേര്‍ത്ത് പോയിരുന്നു.
“…അനുവിന്റെ വീട്ടില്‍ നിന്നും ദേവേട്ടന്റെ വീട്ടിലേയ്ക്ക് അവളുടെ അച്ഛനും അമ്മയുമൊക്കെ വിരുന്നു വരുന്ന ഒരു ചടങ്ങുണ്ട്… അതിനിയും കഴിഞ്ഞിട്ടില്ല… എന്നാല്‍ മുത്തിന്റെ കാര്യത്തില്‍ ആ ചടങ്ങ് നടക്കുകയും ചെയ്തു…”
“..ഏയ്.. ഇല്ല.. മുത്തിന്റെ വീട്ടിലേയ്ക്ക് വീട്ടില്‍ നിന്നാരും പിന്നെ ചടങ്ങായി പോയിട്ടില്ല..” എനിക്കുറപ്പുണ്ടായിരുന്ന കാര്യമായതുകൊണ്ടാണ് ഞാന്‍ പറഞ്ഞതെങ്കിലും അതുകേട്ട് ശ്രീനിധി ചിരിക്കുകയാണ് ചെയ്തത്..
“…ദേവേട്ടാ അതാ ഞാന്‍ പറഞ്ഞത് ദേവേട്ടന് പലതും അറിയില്ല എന്ന്‍… ആ ചടങ്ങ് നടന്നു… നിങ്ങള് രണ്ടാളും വയനാട് പോയിരുന്ന ആ ഞായറാഴ്ച്ച…” ഞാന്‍ അന്തിച്ചിരുന്നുപോയി.. അവള്‍ വീണ്ടും ചിരിച്ചുകൊണ്ട് പറയാന്‍ തുടങ്ങി..
“..നിങ്ങളുടെ ഹണിമൂണ്‍ കഴിഞ്ഞ് ചടങ്ങ് നടത്തിയാല്‍ മതിയെന്ന് അമ്മ പറഞ്ഞത് എല്ലാവരും സമ്മതിച്ചു.. ആ കാരണം കൊണ്ട് മാത്രമാണ് നിങ്ങളെ വയനാടിനു പോകാന്‍ അമ്മ സമ്മതിച്ചത്… ആ ചടങ്ങിന്റെ കാര്യം ദേവേട്ടന്‍ അറിയാതിരിക്കാന്‍.. കാരണം അനുവിന്റെ വീട്ടുകാര്‍ ശ്രീമംഗലത്ത് വരുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല… എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഈ ചടങ്ങിനു എന്നാണ് വരേണ്ടതെന്നും ചോദിച്ച് അനുവിന്റെ അമ്മ ദേവേട്ടന്റെ അമ്മയെ വിളിക്കാന്‍ തുടങ്ങി… അനുവിന്റെ അമ്മേടെ സ്വഭാവം അവള് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ..??” ഞാന്‍ തലയാട്ടി..
“…അങ്ങനെ അവര് ഒരു തവണ വിളിച്ചപ്പോള്‍ ദേഷ്യം വന്ന ദേവേട്ടന്റെ അമ്മ എന്തൊക്കെയോ പറഞ്ഞു… അവര് തിരിച്ചും പറഞ്ഞതോടെ ആ ഫോണ്‍വിളി ഒരു സംഭവമായി… അന്ന് മുതല്‍ ശ്രീമംഗലം സത്യത്തില്‍ അനുവിനൊരു നരകമായി മാറി.. വീട്ടിലെ എല്ലാ പണിയും ഇപ്പോള്‍ അവളെക്കൊണ്ടാണ് അമ്മ ചെയ്യിക്കുന്നത്… മുല കുടിക്കുന്ന കുഞ്ഞുള്ളതല്ലേ എന്ന പേരും പറഞ്ഞ് പഞ്ചമി അക്കയോട് രാവിലെ മാത്രം വന്നാല്‍ മതിയെണ്ണ്‍ പറഞ്ഞ് അമ്മ വിലക്കി.. അത് അനുവിനെക്കൊണ്ട് പണിയെടുപ്പിക്കാനാണ് എന്ന് അക്കയ്ക്ക് മനസ്സിലായും ഇല്ല… ശ്രീമംഗലത്തെ ബാക്കി എല്ലാരും ജോലിക്ക് പോയാലും അനു പണിയെടുക്കുന്നുണ്ടോ എന്നറിയാന്‍ സി.ഐ.ഡി ആയി ലക്ഷ്മിചേച്ചിയും… പാവം അനു… ഒരുപാട് അനുഭവിക്കുന്നുണ്ട് അവള്‍…”
“…എന്നിട്ട് ഇതൊന്നും അവളെന്നോട് പറഞ്ഞില്ലല്ലോ..??” തികട്ടി വന്ന വേദന പുറത്ത് കാണിക്കാതിരിക്കാന്‍ ഞാന്‍ മുഖം കുനിച്ചു… എന്റെ കണ്ണുകള്‍ പുകയുന്നപോലെ തോന്നി..