ദേവരാഗം 16 [ദേവന്‍]

Posted by

ഇടതുവശത്തെ സീറ്റിലേയ്ക്ക് നോക്കുമ്പോള്‍ നുണക്കുഴിച്ചിരിയോടെ അവള്‍ അവിടെ ഇരിക്കുന്നു… അവളുടെ മുഖത്തേയ്ക്ക് പാറി വീഴുന്ന മുടിയിഴകളെ തഴുകാന്‍ ഞാന്‍ അറിയാതെ കൈനീട്ടി… കൈ ശൂന്യതയില്‍ തെന്നി ഡാഷ്ബോഡില്‍ ഇടിച്ചു നിന്നു… എന്റെ പൊട്ടത്തരമോര്‍ത്ത് ചിരിയോടെ തലകുടഞ്ഞ്‌ കാറ് മുന്നോട്ടെടുക്കുമ്പോഴും മനസ്സ് “ഗിഫ്റ്റ് ഓഫ് ഗോഡ്” എന്നെഴുതിയ ഓട്ടോയുടെ പിന്നാലെ സ്വര്‍ണ്ണമാനിനെത്തേടി പാഞ്ഞുകൊണ്ടിരുന്നു..

ഹോസ്പിറ്റല്‍ ലക്ഷ്യമാക്കിയുള്ള ഡ്രൈവിംഗ് തുടങ്ങിയിട്ട് അരമണിക്കൂര്‍ പിന്നിടുമ്പോഴും, പ്ലെയറില്‍ പ്രിയഗാനങ്ങള്‍ പലതും പാടിഒഴിയുമ്പോഴും പാതിവഴിയില്‍ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടപോലെ ഒരു നീറ്റലായിരുന്നു മനസ്സില്‍..

എന്നോടുള്ള പ്രണയവും പരിഭവവും ഇണക്കങ്ങളും പിണക്കങ്ങളുമായി കൂടെക്കൂടുന്ന നിമിഷങ്ങളിലും എന്റെ ജോലിയിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുപോലും ശ്രദ്ധാലുവായ അനുവിനെ അഭിമാനത്തോടെ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ പാര്‍ക്കിംഗ് എരിയയിലേയ്ക്ക് കാര്‍ ഓടിച്ചു കയറ്റിയത്… അപ്പോഴും പാതിവഴിയില്‍ എന്റെ പ്രാണനെ ഇറക്കി വിട്ട് കടമകളുടെ ഭാണ്ഡവും പേറിയുള്ള എന്റെയീ യാത്രയും, കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സില്‍ സാധാരണമെന്ന് കരുതാവുന്ന അപകടവും എനിക്ക് മുന്നില്‍ തിരിച്ചറിവുകളുടെ പുതിയ വാതായനങ്ങള്‍ തുറന്നിടുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല..

*****

“…ചീച്ചീ.., ചീച്ചീ… ജേ ഞോച്ചിയേ… വാവേജെ കാലു ഒച്ചി ഓയി… ജേ ഞോച്ചിയെ..??” തന്റെ മുന്‍പില്‍ നിന്ന് കാലൊടിഞ്ഞ പാവയെ നീട്ടി പരാതി പറയുന്ന കുട്ടിക്കുറുമ്പിയെ മടിയിലേയ്ക്ക് എടുത്ത് വച്ച് ശ്രീനിധി മൊബൈല്‍ കവിളിനും തോളിനും ഇടയില്‍ തിരുകി..

“..ഇല്ലമ്മേ… ദേവേട്ടന്‍ അനുവിനെ കൊണ്ടാക്കാന്‍ പോയതാ.. ഇപ്പോ വരും..”

“…അതെ ഇത്രയും നേരം അവരിവിടെ ഉണ്ടായിരുന്നു… ഞാന്‍ വരുന്നതിനു തൊട്ടു മുന്‍പാ അനുവിനെ കൊണ്ടാക്കാന്‍ പോയത്…” ശ്രീനിധി ഫോണില്‍ സംസാരിച്ചുകൊണ്ട് പാവയുടെ കാല്‍ നന്നാക്കാന്‍ ശ്രമിച്ചു..

“..മോളേ… ചേച്ചി ഫോണ്‍ ചെയ്യുവല്ലേ.. ശല്യം ചെയ്യല്ലേട്ടോ…” സ്ലിങ്ങില്‍ ഇട്ട വലത്തേകൈ താങ്ങാതെ ഇടത്തെ കൈകുത്തി കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സീതേച്ചി ശിവാനി മോളെ ശാസിച്ചു… പ്ലാസ്റ്ററിട്ട കാല്‍ വേദനിച്ചു എന്ന് തോന്നി.. സീതേച്ചിയുടെ മുഖത്ത് വേദന പ്രകടമായിരുന്നു.. ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ പാവയുടെ ഒടിഞ്ഞ കാലിലേയ്ക്ക് നോക്കി വിതുമ്പാന്‍ വെമ്പി നില്‍ക്കുന്ന കുഞ്ഞു ശിവാനി..

ഈ കാഴ്ച്ചകള്‍ കണ്ടുകൊണ്ടാണ് ഞാനാ മുറിയിലേയ്ക്ക് ചെന്നത്…

Leave a Reply

Your email address will not be published. Required fields are marked *