“ഓക്കേ..ഇറ്റ്സ് ഗുഡ് “ അനുപമ പറഞ്ഞു കൊണ്ട് ഹരിയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി . അയാൾ തന്നെ ശ്രദ്ദിക്കുന്നില്ലെന്നു അനുപമക്ക് മനസിലായി .
“ഓക്കേ..മിസ്റ്റർ ഹരി മാത്രം ഒന്ന് വരൂ , എനിക്ക് ചില സംശയങ്ങൾ ചോദിക്കാനുണ്ട് . നമുക്ക് അല്പം അങ്ങോട്ട് മാറിനിൽക്കാം” എന്ന് പറഞ്ഞിട്ട് സതീഷിനെ നോക്കി. എന്നിട്ടു അനുപമ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി .
“ഡേയ്, അളിയാ ചെല്ല് ചെല്ല് “ സതീഷ് ഹരിയെ പിടിച്ചു തള്ളി . ഹരി ഒട്ടും താല്പര്യമില്ലാത്ത മട്ടിലും ഭാവത്തിലും അനുപമ നിൽക്കുന്നിടത്തേക്കു നടന്നു ചെന്ന് . പുറം തിരിഞ്ഞു നിൽക്കുന്ന അനുപമയുടെ അടുത്തെത്തി ഹരി നിന്ന് . അയാൾ പുറത്തു നിൽക്കുന്ന സതീഷിനെ ഒന്ന് തിരിഞ്ഞു നോക്കി . അയാൾ അവിടെ പണിക്കാരുമായി എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു .
“എക്സ്ക്യൂസ് മി മാഡം “ ഹരി ധൈര്യം സംഭരിച്ചു അനുപമയെ വിളിച്ചു . അനുപമ പതിയെ തിരിഞ്ഞു .
“ഹരിക്കെന്നെ മനസിലായില്ലേ “ തിരിയുമ്പോൾ തന്നെ അനുപമ സംസാരിച്ചു തുടങ്ങി.
“നമുക്കിടയിൽ ഈ മാഡം വിളി ഒക്കെ വേണോ ഹരി. ഹരിയെ കണ്ടു ത്രില്ലടിച്ചു നിക്കുവാ ഞാൻ .ഇങ്ങനെ ഒരു കണ്ടു മുട്ടൽ പ്രതീക്ഷിച്ചില്ല “ അനുപമ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് ജീൻസിന്റെ പോക്കെറ്റിലേക്കു തിരുകി . ഹരി ഒന്നും മിണ്ടിയില്ല.
“ഹരി ഇപ്പോഴും എന്നെ മനസിലാവാത്ത രീതിയിൽ അഭിനയിക്കുവാണോ ? അത്ര എളുപ്പം മറക്കാൻ കഴിയുന്ന ഒരാളായിരുന്നോ ഹരിക്കു ഞാൻ “ അനുപമ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
അനുപമയുടെ മുഖത്തു നോക്കാൻ ഹരി വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു . “അനു, വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി . ഇന്നലെ ഫോണിൽ കൂടി ശബ്ദം കേട്ടപ്പോഴും എനിക്കൊരു സംശയം ഉണ്ടായിരുന്നു “ ഹരീന്ദ്രൻ അനുപമയുടെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി.
“വര്ഷങ്ങള്ക്കു ശേഷം കാണുമ്പോഴുള്ള ഒരു വല്ലായ്മ ഉണ്ട്. വേറൊന്നുമില്ല “ അയാൾ പറഞ്ഞു നിർത്തി .
“താങ്ക് ഗോഡ്. അപ്പൊ ഹരി ഇപ്പോഴും എന്നെ മറന്നിട്ടില്ല അല്ലെ “ അനുപമ നെഞ്ചിൽ കൈ ചേർത്ത് നിന്നു.
“പക്ഷെ ഹരി വല്ലാണ്ടെ മാറി കേട്ടോ, പഴയ കുറ്റിമീശ ഒകെ പോയി..ഇപ്പൊ നല്ല കട്ടിയായി , പഴയ കുറ്റിത്താടിയും കുറ്റി മീശയും ആയിരുന്നു ഹരിക്കു ഭംഗി “ അനുപമ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തിനോട് ആവേശത്തോടെ സംസാരിച്ചു .
ഹരി ഒന്ന് ചുണ്ടുകൾ വിടർത്തി ചിരിച്ചു .