“അച്ചായാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അച്ചായൻ എന്നെ തെറ്റുധരിച്ചതാണ്. “
ഞാൻ ആ ഇരുപ്പിൽ ചുമച്ചു കൊണ്ട് പറഞ്ഞു.
“നീ ഇനി ഒന്നും പറയണ്ട . ശെരിക്കും നിന്നെ പോലീസിൽ എല്പ്പിക്കേണ്ടതാ. പക്ഷെ ഞാൻ അതു ചെയ്യുന്നില്ല ഞാൻ അങ്ങനെ ചെയ്താൽ എന്റെ കുട്ടിയുടെ മരണം ആത്മഹത്യ ആവും അതെനിക്ക് സഹിക്കാൻ പറ്റില്ല . അവൾ കാലുതെന്നി വീണു മരിച്ചത് ആണെന്ന് എല്ലാവരും അറിഞ്ഞാൽ മതി.പക്ഷെ നീ രക്ഷപെട്ടു എന്നു കരുതേണ്ട നീ എന്റെ മോളെ നശിപ്പിച്ചിട്ട് നീ ലക്ഷ്മിയെം കെട്ടി സുഖം ആയി ജീവിക്കാം എന്നു കരുതേണ്ട. ഞാൻ അതിനു സമ്മതിക്കില്ല. ഈ മുറി വിട്ടു പോകുന്നതോടെ നിന്റെ ജീവിതത്തിൽ നിന്നും എല്ലാം ഓരോന്നായി നഷ്ടപ്പെടും. “
ഞാൻ നിസാഹയാവസ്ഥയോടെ അച്ചായനെ നോക്കി ,
“ഇറങ്ങി പോ.ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ?.”
അച്ചായൻ അതും പറഞ്ഞ് അവിടെ നിന്നു.
ഞാൻ ഒന്നും പറയാതെ അവിടെനിന്നും എഴുന്നേറ്റു വാതിലിലേക്ക് നടന്നു.
എന്നാലും അച്ചായൻ എന്നെ തെറ്റുധരിച്ചല്ലോ അതെന്റെ മനസ്സിൽ കിടന്നു നീറി. എന്റെ ധൈര്യവും എല്ലാം എന്നിൽ നിന്ന് ചോർന്നു പോയി ഞാൻ ഒരു പ്രത്യേക അവസ്ഥ യിൽ ആയിരുന്നു. സെലിൻ എനിക്ക് എഴുതിയ ആ കത്തിലേ വാചകങ്ങൾ എല്ലാം അച്ചായൻ വേറൊരു രീതിയിൽ കണ്ടു. അവൾ ഒരു ഏട്ടനോടുള്ള സ്നേഹം ആണു ഉദ്ദേശിച്ചത് എങ്കിൽ അച്ചായൻ അതു മനസ്സിൽ ആക്കിയില്ല . എല്ലാം എനിക്ക് എതിരെ ആയിരുന്നു അച്ചായന്റെ കണ്ണിൽ.