“ഇക്കാക്ക് പന്യാ, പനി മാറ്യാ നാളെ വരും.” ഗായത്രിയുടെ ചോദ്യങ്ങൾക്ക് ഉമ്മുസൽമ മറുപടി പറയുമ്പോൾ ഗായത്രിയുടെ കണ്ണുകളിൽ തുളുമ്പിയ കണ്ണുനീരിനെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്?
ഗായത്രി ഈശ്വരനു മുൻപിൽ മുട്ടുകുത്തി നെഞ്ചുപൊട്ടിക്കരഞ്ഞത് ഏതെങ്കിലും ദൈവം കേട്ടിട്ടുണ്ടാവുമോ? ഉണ്ടായിരിക്കണം.
പിറ്റേന്ന് മദ്രസയിലേയ്ക്കുള്ള വഴിയിൽ ആട്ടിൻകുട്ടിയെയും മടിയിലിരുത്തി കാത്തിരുന്ന ഗായത്രിയ്ക്ക് വീണ്ടും കരയേണ്ടി വന്നു. അതാ വരുന്നു സൽമ, കൂടെ ഇക്കാക്കയുമുണ്ട്! അതുവരെ അടക്കി വെച്ച ദുഃഖം മുഴുവൻ പൊട്ടിച്ചുവിട്ട് സുൽഫിക്കറിനെ കെട്ടിപ്പിടിച്ചൊന്ന് കരയാൻ ഗായത്രി വല്ലാതാശിച്ചുവെങ്കിലും, ഇതുവരെ ആ മുഖത്തൊന്ന് നോക്കാനുള്ള ധൈര്യം പോലുമുണ്ടായിട്ടില്ല. പേടി കൊണ്ടല്ലത്; പ്രേമം കനത്ത് മിഴികളിൽ ഭാരമേറിയത് കൊണ്ടാണ്. തന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അന്നും സുൽഫിക്കർ അവളെ കടന്നു പോയി. അവർ പരസ്പരം നോക്കിയില്ല. പക്ഷേ പെണ്ണിന്റെ മനസ്സിലൊരു തിടുക്കത്തിന്റെ തിരയുയർന്നതിന്നൊച്ച സുൽഫിക്കറിൽ അലച്ചിട്ടോ, എന്തോ അന്നാദ്യമായി സുൽഫിക്കർ പാളിയൊന്ന് തിരിഞ്ഞു. അത് കണ്ട് ഗായത്രിക്കുട്ടി ചിരിക്കാനോ കരയാനോ കഴിയാതെ വിവശയായി നിന്നു. അവർ നടന്നകന്നപ്പോൾ അവൾ ഓടിയകത്ത് കയറി കതകടച്ചു. തറയിലിരുന്ന ഗായത്രി മെത്തയിൽ മുഖം പൂഴ്ത്തി സന്തോഷം അടക്കാനാവാതെ തേങ്ങിക്കരഞ്ഞു.
അന്ന് നേരത്തെ സ്കൂളിൽ പോയ ഗായത്രിയ്ക്ക് തിടുക്കമായിരുന്നു സുൽഫിക്കറൊന്ന് വേഗം വന്നു കിട്ടാൻ…
ഇനിയെന്ത് വന്നാലും ശരി ആ മുഖത്തൊന്നു കൂടി നോക്കണം. ഇഷ്ടമുണ്ടെങ്കിൽ അവനൊന്ന് ചിരിക്കുകയെങ്കിലും ചെയ്യുമല്ലോ… ഗായത്രി വെറുതേ പലതും കണക്കുകൂട്ടി.
പക്ഷേ അന്നവൻ ക്ലാസ്സിൽ വന്നത് പതിവിലും പ്രസരിപ്പോടെയായിരുന്നു. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം ദൃശ്യമായ ഗായത്രിയുടെ കരിനീല മിഴികൾ പിടച്ചു പോയി. അതിനിടയിൽ അവനൊന്ന് നോക്കിയെങ്കിലും ഗായത്രിയുടെ നിയന്ത്രണം വിട്ട് നോട്ടം വഴുതിപ്പോയി… പനിനീർപ്പൂ അധരങ്ങൾ പുറത്തേയ്ക്ക് ചുരുണ്ട് അറിയാതെ ഭാവം മാറി പരിഭവമായിപ്പോയി. അവൻ ഒന്നു കൂടി അവളെ നോക്കി പുറകിലെ ബെഞ്ചിൽ പോയിരുന്നു. ഗായത്രിയുടെ മുഴുവൻ ആത്മവിശ്വാസവും ചോർന്ന് അവൾ സ്വയം പഴിച്ചു. ‘ശ്ശോ വേണ്ടായിരുന്നു. അങ്ങിനെയൊന്നുമല്ലടീ നിന്റെ ചെക്കനെ നോക്കേണ്ടത്.’ അവൾ സ്വയം തിരുത്തി.