നെല്ലിച്ചുവട്ടിൽ [Noufal Muhyadhin]

Posted by

“വേഗം വാടാ. ആരെങ്കിലൊക്കെ കാണുന്നേന് മുൻപ് നമുക്ക് പോവാം.”

“പോവാം പക്ഷേ അതിനു മുൻപ് ഒന്നു കൂടി ചിന്തിക്കണോ?”

“എന്ത് ചിന്തിക്കാൻ? ഞാൻ വേണേൽ മതം മാറാം. അതാണല്ലോ എല്ലാര്ടേം പ്രശ്നം.” അവൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് നിശ്ചയദാർഡ്യത്തിലാണത് പറഞ്ഞത്.
അത് കേട്ട് സുൽഫിക്കർ തോളിലിരുന്ന ബാഗ് നിലത്തു വച്ച് മുട്ടു‌ കുത്തി‌‌നിന്ന് അവൾക്കു‌ മുൻപിൽ കൈകൂപ്പി.

“ന്റെ ഗായത്ര്യേ, ഞാൻ ഗായത്രിനെല്ലേ സ്നേഹിച്ചേ ഫാത്തിമ്മെനൊന്നു അല്ലലോ. നമ്മള് പോയാല് പിന്നെ ഇവ്ടെ എന്തൊക്ക്യാ നടക്ക്വാന്ന് ആലോയ്ച്ചിട്ട് ഒരു സമാധാനോല്ലാ.”

“അപ്പൊ നമ്മള് പിരിയണോ? അയ്നാ നമ്മളിത്രൊക്കെ സ്നേഹിച്ചേ? അയ്നാ ഇത്രൊക്കെ സഹിച്ചേ? ഇയ്യ് പറയ്” ഗായത്രിയുടെ കരച്ചിൽ ചെറുശബ്ദമായൊഴുകി. രാത്രിയുടെ ക്രൂരനിശബ്ദതയിൽ ഒഴുകിയ കണ്ണുനീരിന് മറുപടിയില്ലാതെ മുട്ടുകുത്തിനിന്ന് വിഷമിച്ച സുൽഫിക്കറിന്റെ തലയിൽ തഴുകി മടിയിൽ ചേർത്തണച്ച പെണ്ണ് അടിവയറ്റിലെ തീയൊതുക്കാനാവാതെ പാടുപെട്ടു. അവളുടെ പിടച്ചിൽ അവന്റെ കാതുകളിൽ തുടിച്ചുകൊണ്ടിരുന്നു.

“ന്റെ സുൽഫ്യേ ഞാൻ പറയ്ണത് പറ്റ്വോ അനക്ക്? നമ്മള് ഒന്നായില്ലെങ്കിലും വേണ്ടില, പിരിയര്ത്. എന്നെങ്കിലും ഒര് കാലം‌ വരും, ആളോൾക്ക് വിവരം വെക്ക്ണ കാലം. അന്ന് നമ്ക്ക് ആരിം പേടിക്കാണ്ട് ഒന്നിച്ച് ജീവിക്കാം. ഇല്ലെങ്കി മരിക്കും വെരെ നമ്ക്ക് ഇവരൊക്കെ തോൽപ്പിച്ച് ജീവിക്കാം.” ഗായത്രിയുടെ ഉറച്ച വാക്കുകൾ കേട്ട സുൽഫിക്കർ അവളെ അരയിൽ ചുറ്റിപ്പിടിച്ചൊന്ന് വിതുമ്പി. സുൽഫിക്കറിന്റെ കണ്ണുനിറഞ്ഞത് ആദ്യമായി കാണുന്ന ഗായത്രിയുടെ കൈകളിൽ നിന്ന് ബാഗ് ഊർന്ന് താഴെവീണു പോയി. അവൾ കുനിഞ്ഞവനെ ചേർത്തു നിർത്തി നെറ്റിയിൽ സ്നേഹചുംബനം നൽകി, ബാഗെടുത്ത് ഒന്നും മിണ്ടാതെ തടങ്കലിലേയ്ക്ക് തിരിച്ച് കയറി.

വർഷങ്ങൾ പന്ത്രണ്ട് വീണ്ടും കൊഴിഞ്ഞിപ്പഴും പ്രണയം കൊഴിയാത്ത മനസ്സുമായി ജീവിക്കുന്ന സുൽഫിക്കറും ഗായത്രിയും തങ്ങൾ പഠിച്ച സ്കൂളിൽ ജോലി നേടി.

Leave a Reply

Your email address will not be published. Required fields are marked *