ഈ ക്രിസ്തുമസിന് അപ്പന് നല്ല ഒരു സമ്മാനം കൊടുക്കണം! താൻ തീർച്ചപ്പെടുത്തി. അന്ന് വൈകുന്നേരം കവലയിൽ പോയി ഇഷ്ട്ടപ്പെട്ട ഒരു ഷർട്ട് വാങ്ങിയിരുന്നു അവൻ. ആ കൊല്ലത്തെ തൻ്റെ മുഴുവൻ സമ്പാദ്യവും വേണ്ടി വന്നു ആ ഷർട്ട് വാങ്ങാൻ! പക്ഷെ അപ്പന് വേണ്ടിയല്ലേ? ഒരു നഷ്ടവുമില്ല!
പക്ഷെ…
അവനു തൃപ്തി വന്നില്ല.
മറ്റെന്തെങ്കിലും വേണം…
ഒരിക്കലും മറക്കാനാവാത്ത തരം സമ്മാനം!
ആ ചിന്തയിൽ താൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.
സ്വർണ്ണം പോലെ തിളങ്ങി നക്ഷത്രങ്ങളാണ് ആകാശം നിറയെ!
“അപ്പാ…”
ഒരിക്കൽ തീരെ കൊച്ചുകുട്ടിയായിരുന്നപ്പോൾ താൻ അപ്പനോട് ചോദിച്ചു. വളർന്നു പൊങ്ങിയ കപ്പകൾക്ക് ഇട ചെത്തുകയായിരുന്നു അപ്പനപ്പോൾ.
“ഈ പുൽക്കൂട് എന്ന് വെച്ചാൽ എന്താ?”
“പശുത്തൊഴുത്ത്…”
വളർന്നു നിന്ന കളകളിൽ നിന്ന് ശ്രദ്ധ മാറ്റാതെ, കിളച്ചുകൊണ്ട് അപ്പൻ പറഞ്ഞു.
“നമ്മുടെ പോലത്തെ പശുത്തൊഴുത്താ അത്…”
ഏഹ്?
താൻ അന്ന് കണ്ണുകൾ മിഴിച്ചു.
രാജാധി രാജാവായ ഈശോ ജനിച്ചത് പശുത്തൊഴുത്തിലോ?
തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ആട്ടിടയന്മാരും രാജാക്കന്മാരും സമ്മാനങ്ങളുമായി വന്നത് പശുത്തൊഴുത്തിലേക്കാണോ?
ഉള്ളിൽ എന്തോ തരിച്ചു വിടർന്നത് അപ്പോൾ താനറിഞ്ഞു.
ആ തരിപ്പ് ഇപ്പോൾ ഒന്നുകൂടി ഉള്ളിലറിയുന്നു. ഇപ്പോൾ, തനിക്ക് പതിനെട്ടു വയസ്സുള്ള, ഈ ക്രിസ്തുമസ് തലേന്ന്!
അവന്‍ ആകാശത്തേക്ക് നോക്കി.
അനേകായിരം നക്ഷത്രങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിനു മാത്രം കൂടുതല്‍ വലിപ്പം!
കൂടുതല്‍ തിളക്കം!
ഈശോയെ! ആ നക്ഷത്രം ഇപ്പോള്‍ തങ്ങളുടെ പശുത്തൊഴുത്തിനു മുകളിലാണ്!