ക്രിസ്തുമസ് സമ്മാനം [സ്മിത]

Posted by

ക്രിസ്തുമസ് സമ്മാനം

Christmas Sammanam | Author : Smitha


അവലംബം: പേള്‍ എസ് ബക്ക്.

 

 

തൊമ്മച്ചൻ  ഞെട്ടിയുണർന്നു. ഉറക്കച്ചടവൊന്നുമില്ല. കണ്ണുകൾ ചുവരിലേക്ക് പോയി.

“നാലുമണി…”

അയാൾ  പിറുപിറുത്തു.

മുമ്പ് അപ്പൻ പശുക്കളെ കറക്കാൻ തന്നെ വിളിച്ചുണർത്തുന്ന സമയം. വർഷങ്ങൾക്ക് മുമ്പ്. തന്‍റെ  കൗമാരപ്രായത്തിൽ. അൻപത് കൊല്ലം മുമ്പാണ്.

അപ്പൻ മരിച്ചിട്ടുതന്നെ ഇപ്പോൾ മുപ്പത് വർഷമായി. അന്നുമുതൽ ഇപ്പോൾ വരെ  ആര് വിളിച്ചില്ലെങ്കിലും, എത്ര ഗാഢമായി ഉറങ്ങിയാലും നാലുമണിയാകുമ്പോൾ താൻ ഉണരുന്നു.

സ്വിച്ചിട്ടത് പോലെ!

നാലുമണിക്ക് എഴുന്നേറ്റാലും പിന്നെയും ഉറങ്ങാൻ അയാൾക്ക് കഴിഞ്ഞിരുന്നു. പരിശീലിച്ചെടുത്തതാണ് താൻ അത്.

പക്ഷെ ഇന്ന് ഇനി വീണ്ടും ഉറങ്ങാണോ?

വേണ്ട!

അയാൾ തീരുമാനിച്ചു.

ക്രിസ്‌തുമസ്‌ ആണിന്ന്!

എന്ത് കൊണ്ടാണ് ഇനി ഉറങ്ങേണ്ട എന്ന് തീരുമാനിക്കാൻ കാരണം?

അയാൾ വളരെ പഴയ ചില ഓർമ്മകളിലേക്ക് പോയി.

എന്തുകൊണ്ടോ ഈയിടെയായി ആ കൗമാര കാലത്തെക്കുറിച്ചാണ് മിക്ക ഓർമ്മകളും.

തനിക്കന്ന് പതിനെട്ടാണ് പ്രായം. മിക്ക സമയങ്ങളിലും അപ്പനോടൊപ്പം പറമ്പിലായിരിക്കും താൻ. എന്തോ, അപ്പനായിരുന്നു തൻ്റെ ഹീറോ. ശരിക്കും ആരാധന! അപ്പൻ പക്ഷെ തന്നെ ഇഷ്ട്ടപ്പെട്ടിരുന്നോ എന്ന് തനിക്ക് അറിയില്ലായിരുന്നു.

മകൻ എന്ന നിലയ്ക്ക് ഒരു അപ്പന് തോന്നുന്ന സ്നേഹവും വാത്സല്യവുമൊക്കെ ഉണ്ടായിരിക്കണം. പക്ഷെ അതൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എങ്ങനെ പ്രകടിപ്പിക്കും? പറമ്പിൽ നിന്നും ഒന്ന് ഇറങ്ങിയിട്ടുവേണ്ടേ അതിനൊക്കെ സമയം കിട്ടാൻ! എല്ലു മുറിയെ പണിയുക എന്നതാണ് തത്വം!

Leave a Reply

Your email address will not be published. Required fields are marked *