തെയ്യാമയെ കളിക്കുന്ന കാര്യത്തില്‍, വീട്ടുകാരെ പറ്റിക്കുന്ന കാര്യത്തില്‍ കുറച്ചൊക്കെ കുറ്റബോധം ഒക്കെ തനിക്ക് തോന്നിത്തുടങ്ങിയിരുന്നു. വീട്ടുകാര്‍ക്ക് തന്നോട് അപ്രിയമുണ്ടോ? ഇഷ്ട്ടക്കെടുണ്ടോ? പ്രത്യേകിച്ചും അപ്പന്? ഈയിടെയായി മിണ്ടാട്ടമൊക്കെ ഒരുപാട് കുറഞ്ഞില്ലേ?
തൊമ്മച്ചനത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
ഒരു തെയ്യാമയില്ലെങ്കില്‍ വേറെ പത്തെണ്ണം കിട്ടും.
പക്ഷെ വീട്ടുകാര്‍!
പ്രത്യേകിച്ചും അപ്പന്‍!
എന്ത് ചെയ്യണമെന്നു അവനു ഒരെത്തും പിടിയും കിട്ടിയില്ല.
അപ്പോഴാണ്, ആ വർഷത്തെ ക്രിസ്തുമസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അപ്പനും അമ്മയും തമ്മിലുള്ള സംസാരം ഒളിച്ചിരുന്ന് കേൾക്കുന്നത്!
“എടീ എനിക്കവനെ അത്രേം രാവിലെയൊക്കെ വിളിച്ചെഴുന്നേപ്പിക്കാൻ തോന്നണില്ല…”
അപ്പൻ അമ്മയോട് പറഞ്ഞു
“വളന്ന് ഒത്ത ഒരാണാകേണ്ട പ്രായവാ അവന്‍റെ …ശരിക്കും ഒറക്കം കിട്ടേണ്ട പ്രായം…അവനെ വിളിച്ച് എണീപ്പിക്കാൻ പോകുമ്പം എനിക്കപ്പടീം സങ്കടവാ എന്‍റെ മേരീ… അവനൊറങ്ങുന്നത് നീയൊന്നു കാണണം… രാവിലത്തെ പണിയൊക്കെ ഞാൻ അങ്ങ് ഒറ്റയ്ക്ക് ചെയ്തോളാം…”
അപ്പന്റെ വാക്കുകൾ കേട്ട്, നെഞ്ചിലൂടെ ഒരു കുളിർ രേഖ പാഞ്ഞു. അതിൻ്റെ അലിവിൽ തൻ്റെ കണ്ണുകളിൽ നേർത്ത ഈറൻ പൊടിഞ്ഞു.
“നിങ്ങളൊന്ന് ചുമ്മാ ഇരി…”
‘അമ്മ പെട്ടെന്ന് പറഞ്ഞു.
“പതിനെട്ടാ പ്രായം അവന്‍റെ ! ശരിക്കും പണിയെടുക്കാനുള്ള പ്രായവാ അത്! എന്തോരം പശുക്കളെ കറന്നാലാ? അതും അഞ്ചര വെളുപ്പിന്! നിങ്ങള് ഒരു മനുഷ്യനല്ലേ? യന്ത്രവൊന്നുവല്ലല്ലോ…!”