രാവിലെ പോയപ്പോ തലവേദനയാന്നും പറഞ്ഞ് കിടന്നയാൾ മൂളിപ്പാട്ടും പാടി ഓടിച്ചാടി നടക്കുന്നത് കണ്ടപ്പോ കുൽസു അന്തം വിട്ടു..
അല്ലെങ്കിലും ഉമ്മാന്റെ മുഖത്ത് വലിയ സന്തോഷമൊന്നും അവൾ കണ്ടിട്ടില്ല..
എപ്പഴും കുത്തി വീർത്ത മുഖമാണ്..അതെന്താണെന്ന് അവൾക്കറിയില്ല.
ഉമ്മാന്റെ ഉപ്പയോടുള്ള പെരുമാറ്റം പലപ്പോഴും ക്രൂരമാണെന്നും അവൾക്ക് തോന്നിയിട്ടുണ്ട്..
നെയ്യലുവ പോലുള്ള തന്റുമ്മാക്ക് ഒരു നിലക്കും ചേർച്ചയില്ലാത്ത ഉപ്പാനെ എങ്ങിനെ കിട്ടിയതെന്ന് കുൽസു അൽഭുതത്തോടെ ചിന്തിക്കാറുണ്ട്..
ഏതേലും വലിയ വീട്ടിൽ സുമുഖനായ ഭർത്താവിനോടൊപ്പം രാജ്ഞിയായി കഴിയേണ്ടവളായിരുന്നു തന്റെയുമ്മ..
എങ്കിൽ തനിക്കവിടെ രാജകുമാരിയെപ്പോലെ വാഴാരുന്നു..
ഇതിപ്പോ ഇഷ്ടപ്പെട്ട ഒരു ഡ്രസ് പോലും വാങ്ങിത്തരാൻ കഴിവില്ലാത്ത ഒരാളായിപ്പോയി തന്റുപ്പ..
കൂട്ടുകാരികളോരോ ഡ്രസുമിട്ട് വരുമ്പോ തനിക്ക് കൊതിയാവും..
അവരിടുന്ന പാന്റിയുടെ വില പോലും തന്റെ ചുരിദാറിനില്ല..
കത്തിജ്വലിക്കുന്ന സൗന്ദര്യമുള്ളത് കൊണ്ട് മാത്രമാണ് താനാ ടീമിൽ പിടിച്ച് നിൽക്കുന്നത്..
കരഞ്ഞ് പറഞ്ഞത് കൊണ്ടാണ് ഉപ്പ ഒരു ഫോൺ വാങ്ങിത്തന്നത്.. അത് ഫ്രൻസിന്റെ ഇടയിൽ നിന്ന് പുറത്തെടുക്കാൻ തന്നെ മടിയാണ്..
ലക്ഷങ്ങളുടെ ഐ ഫോണിന്റെ അതിപ്രസരത്തിൽ തന്റെ പതിനായിരം രൂപയുടെ ഫോൺ വെറും ചീള്..
തനിക്കും ആഗ്രഹമുണ്ട്… നല്ല ഡ്രസും, വിലകൂടിയ ഫോണും,അടിച്ച് പൊളി ജീവിതവും തനിക്കും കൊതിയുണ്ട്..
ഇക്കാ ഗൾഫിലാണെങ്കിലും ചെറിയ ശമ്പളത്തിലുള്ള ഹൗസ് ഡ്രൈവറാണ്..
തന്റെ കല്യാണത്തിന് വേണ്ടി ഇക്ക ഒരു പൈസ ചിലവാക്കാതെ സമ്പാദിക്കുകയാണ്..
തന്റെ അടിച്ച് പൊളിക്കൊന്നും ഇക്കാന്റടുത്തൂന്ന് പൈസ കിട്ടില്ല..