നീതു കരച്ചിൽ അടക്കി ബാക്കി പറഞ്ഞു..
‘ലൈഫ് ഒരിക്കലും നമ്മൾ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല.. നമ്മൾ എപ്പോളും ഹാപ്പി ആയിരിക്കും സേഫ് ആയിരിക്കും എന്നൊക്കെ നമ്മൾ കരുതും. വെറുതെ ആണ്.. ഒരു സെക്കന്റ് മതി എല്ലാം മാറാൻ.. എന്റെ അച്ഛന് അസുഖം വന്നപ്പോൾ ആണ് എനിക്ക് ആ സത്യം മനസിലായത്. കഴിഞ്ഞ മാസം അച്ഛൻ ഞങ്ങളെ വിട്ടു പോയി.. ഒരുപക്ഷെ ഞാൻ കാട്ടിക്കൂട്ടിയ തെറ്റുകൾക്ക് അച്ഛനെ ആകും ദൈവം ശിക്ഷിച്ചത്..’
അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകി.. കുട്ടികൾക്ക് ഇടയിൽ തന്നെ നോക്കി നിസ്സഹായയായി ഇരിക്കുന്ന ഇഷാനിയെ അവൾ കണ്ടു..
‘ഇഷാനി…… നിന്നോട് ചെയ്തതിന് എല്ലാം സോറി… റിയലി റിയലി സോറി……’
അത്രയും പറഞ്ഞു മുഖം പൊത്തി നീതു അവിടെ നിന്ന് കരഞ്ഞു.. ആ നിമിഷം അവിടെ ഇരുന്ന ഞങ്ങൾക്ക് എല്ലാം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ ആയി.. പെട്ടന്ന് ഇഷാനി എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ കൈ കൊണ്ട് കണ്ണീർ തുടച്ചു.. അവളെ ആശ്വസിപ്പിക്കാൻ എന്തോ ഇഷാനി പറയുന്നുണ്ട്.. വിതുമ്പി കരയുന്ന അവളെ ഇഷാനി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.. അപ്പോളാണ് രേണുവും പിന്നാലെ ദിവ്യ മിസ്സും അവരുടെ അടുത്തേക്ക് ചെല്ലുന്നത്… കരയുന്ന നീതുവിനെ ഒരുവിധം ശാന്തമാക്കി അവര് നാല് പേരും ക്ലാസ്സിന് പുറത്തേക്ക് പോയി.. കുറച്ചു നേരം അവൾ ഈ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കട്ടെ.. ഓക്കേ ആവട്ടെ…
പക്ഷെ അപ്പോളേക്കും പരുപാടിയുടെ അന്തരീക്ഷം ആകെ ശോകം ആയിരുന്നു. ഇഷാനിയേ ഇത്രയും നാൾ കളിയാക്കിയതും കഥകൾ പറഞ്ഞു നടന്നതുമെല്ലാം നുണകൾ ആയിരുന്നു എന്ന് എല്ലാവർക്കും ബോധ്യമായി.. അതിന്റെ എല്ലാം ഭാഗം ആയതിൽ പലർക്കും കുറ്റബോധം തോന്നി. ആകെ മ്ലാനമായി ഇരുന്ന ക്ലാസ്സിന്റെ നടുവിലേക്ക് ഗോകുൽ ഇറങ്ങി നിന്നു