തസ്നിയുടെ ഊഴം കഴിഞ്ഞു സംസാരിക്കാൻ എഴുന്നേറ്റത് നീതു ആയിരുന്നു. അവൾ എഴുന്നേറ്റപ്പോൾ എല്ലാവർക്കും ഒരു അത്ഭുതം ആയിരുന്നു. കാരണം കുറച്ചു നാളുകൾ ആയി അവൾ പഴയത് പോലെ ആക്റ്റീവ് അല്ലായിരുന്നു. മുമ്പൊക്കെ കൃഷ്ണയുടെ കൂടെ ചേർന്നു ഇവിടുത്തെ മെയിൻ വില്ലത്തി ആയിരുന്നു നീതു. പക്ഷെ ഇപ്പോൾ അവളെ കണ്ടാൽ ആർക്കായാലും പാവം തോന്നും. കാരണം കുറച്ചു നാളുകൾ ആയി അവളുടെ ലൈഫ് വലിയ ട്രോമ ആണ്.. അവളുടെ അച്ഛന് ക്യാൻസർ ആണെന്ന് അറിഞ്ഞത് ഈ വർഷം പകുതി ആയപ്പോൾ ആണ്.. അതിൽ പിന്നെ അവൾ ക്ലാസിൽ വരുന്നത് കുറഞ്ഞിരുന്നു. പഴയ പ്രസരിപ്പ് അവളിൽ നിന്ന് പോയി. ടൂറിനൊന്നും അവൾ വന്നതെ ഇല്ല. ഒന്നര മാസം മുമ്പാണ് അദ്ദേഹം മരിച്ചത്.. ഇതൊക്കെ കൊണ്ട് തന്നെ കോളേജിലെ ഓർമ്മകളെ കുറിച്ച് സംസാരിക്കാൻ അവൾ എഴുന്നേൽക്കും എന്ന് ആരും കരുതിയില്ല.. നീതു ആരെയും ശ്രദ്ധിക്കാതെ നിർന്നിമേഷം ആയ മുഖത്തോടെ ബെഞ്ചുകളാൽ ചുറ്റപ്പെട്ട ക്ലാസ്സിന്റെ നടുക്കുള്ള ഒഴിവിൽ സംസാരിക്കാൻ വന്നു നിന്നു..
‘എല്ലാവരും ഇവിടെ അവരുടെ വിലപ്പെട്ട കോളേജ് ലൈഫിനെ കുറിച്ചും ഇവിടെ ഒപ്പിച്ച തമാശകളെ കുറിച്ചും ഒക്കെ കള്ളത്തരങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞത് കേട്ടു.. അപ്പോൾ ഞാൻ ഇവിടെ പണ്ട് ഉണ്ടാക്കിയ ഒരു തമാശ പറയാമെന്നു കരുതി…’
നീതു ഇങ്ങനെ ആണ് തുടങ്ങിയത്. പലരും ഇവിടെ കാണിച്ച വെകിളിത്തരങ്ങൾ ഒക്കെ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചിരുന്നു. ആ കൂട്ടത്തിൽ അറ്റാൻഡൻസ് രജിസ്റ്റർ അടിച്ചു മാറ്റിയത് ഞാൻ ആണെന്ന് ഞാൻ എഴുന്നേറ്റു നിന്ന് കുമ്പസാരിക്കുക കൂടി ചെയ്തതതോടെ കുമ്പസാരകഥകൾ വേറെ ലെവലിലേക്ക് പോകാൻ തുടങ്ങി. ഞാൻ അത് പറഞ്ഞപ്പോ ദിവ്യ മിസ്സിന്റെ കണ്ണിൽ എന്റെ തലയ്ക്കു പിന്നിൽ ഉണ്ടായിരുന്ന പ്രഭാവലയം ഇല്ലാതെ ആകുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ ഒരു നിമിഷം കഴിഞ്ഞു മിസ്സും ആ തമാശ ആസ്വദിക്കുന്നത് ഞാൻ കണ്ടു.. അങ്ങനെ ഒരുപാട് തമാശകൾ ഇവിടെ ഉണ്ടായിരുന്നു.. അതാണ് നീതു സൂചിപ്പിച്ചത്. പക്ഷെ അവൾ എന്തോ തമാശ പറയാൻ പോകുന്നു എന്ന പേരിൽ പറയാൻ തുടങ്ങിയത് കുറച്ചു സീരിയസ് ടോണിൽ ആയിരുന്നു.. അത് എല്ലാവരിലും കൺഫ്യൂഷൻ ഉണ്ടാക്കി..